ജീവനുള്ളവരെ കണ്ടെത്താന്‍ മാഗി, മരിച്ചവര്‍ക്കായി മായയും മര്‍ഫിയും; വിദഗ്ധരായ ഡോഗ് സ്‌ക്വാഡ് എത്തി

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ മായയും മര്‍ഫിയുമെത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി എന്ന നായ തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മായയും മര്‍ഫിയും ദൗത്യത്തിനൊപ്പം ചേര്‍ന്നത്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മാഗിക്ക് ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ചവരാണ് കൊച്ചിയില്‍ നിന്നെത്തിയ മായയും മര്‍ഫിയും. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഇരുവരും ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ടവയാണ്. ‘കെടാവര്‍ ഡോഗ്‌സ്’ എന്ന ഗണത്തില്‍ കേരളത്തിലുള്ള മൂന്ന് നായകളില്‍ രണ്ടുപേരാണ് മായയും മര്‍ഫിയും. മാഗി ഇടുക്കി പൊലീസിന്റെ സ്‌ക്വാഡിലാണുള്ളത്.

വയനാട്ടിലെ ദുരന്തവിവരമറിഞ്ഞ് രാവിലെത്തന്നെ ഹാന്‍ഡ്ലര്‍മാരായ പ്രഭാത്, മനേഷ്, ജോര്‍ജ് മാനുവല്‍ എന്നിവരോടൊപ്പം ജീപ്പില്‍ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കുമൂലം രാത്രിയായി വയനാട്ടിലെത്താന്‍. പഞ്ചാബ് ഹോംഗാര്‍ഡില്‍ നിന്ന് കേരള പൊലീസ് വാങ്ങിയതാണ് ഇവരെ. കല്‍പറ്റ സായുധസേനാ ക്യാമ്പില്‍ നിന്ന് രാവിലെത്തന്നെ മാഗി ചൂരല്‍മല വെള്ളാര്‍മല സ്‌കൂള്‍പരിസരത്ത് തെരച്ചിലിന് എത്തിയിരുന്നു. എന്നാല്‍ തെരച്ചില്‍ പ്രയാസകരമായിരുന്നു.

വെള്ളക്കെട്ടും ചെളിയും മാഗിയുടെ ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് കെ. സുധീഷിന്റെ നേതൃത്വത്തില്‍ ഡോഗ് ഹാന്‍ഡ്ലര്‍മാരായ എന്‍.കെ. വിനീഷും പി. അനൂപുമാണ് മാഗിയുടെ ചുമതലക്കാര്‍. പത്തടിയില്‍ താഴെയുള്ളതുവരെ മാഗി മണത്തറിഞ്ഞു. ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തമുണ്ടായപ്പോള്‍ മണ്ണിനടിയില്‍നിന്ന് പത്തടി താഴ്ചയിലുള്ള മൃതദേഹംവരെ കണ്ടെത്താന്‍ സഹായിച്ചത് ‘കെടാവര്‍’ മായയായിരുന്നു. മണ്ണിനടിയില്‍ മൂന്ന് സ്ഥലത്തുനിന്നാണ് അന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!