മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി.യും

തിരുവനന്തപുരം : കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി.യും. സുരക്ഷാ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി സജ്ജമായതായി ഫേസ്ബുക്കിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ദുരിത ബാധിതരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും കെ.എസ്.ആർ.ടി.സി പങ്കുചേരും. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷം സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടും. യാത്രക്കാർക്കും ജനങ്ങൾക്കും ലക്ഷ്യത്തിൽ എത്തുവാനായി സുരക്ഷിത റൂട്ടുകൾ കണ്ടെത്തി ബസുകൾ വഴി തിരിച്ചു വിടുകയാണ്. ഗതാഗത തടസ്സം ഉണ്ടാകുന്ന റൂട്ടുകളിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നുകൂടി ബസുകൾ എത്തിക്കും.
ടയറിന് മൂന്നിലൊന്ന് ഭാഗം ഉയരത്തിൽ ഉള്ള വെള്ളക്കെട്ടിലും ഒഴുക്കു വെള്ളത്തിലും ബസ് ഇറക്കരുത് എന്നും യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കി ബസ് ഓടിക്കുവാനും ജീവനക്കാർക്കും യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകർക്കും പൊലീസിനും മറ്റും എത്തിച്ചേരുന്നതിനും സാമഗ്രികൾ എത്തിക്കുവാനും കെ.എസ്.ആർ.ടി.സി സഹായമൊരുക്കുന്നു. പൊതു ജനങ്ങളെയും യാത്രക്കാരെയും ഒഴിപ്പിക്കുന്നതിനോ തിരികെ എത്തിക്കുന്നതിനോ റസ്ക്യു സർവിസിന് ബസ്, ഉപകരണങ്ങൾ എന്നിവ ജില്ലാഭരണകൂടമോ പൊലീസോ ആവശ്യപ്പെട്ടാൽ ഉടൻ തന്ന ലഭ്യമാക്കാനും നിർദേശമുണ്ട്. വഴികൾ പരിശോധിച്ച് യാത്രാ സൗകര്യം ലഭ്യമാക്കി ബസുകൾ കഴിയുന്നത്ര അയക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.