ഭാഗ്യക്കുറിവില തത്കാലം കൂട്ടില്ല, ഓണം ബമ്പർ 25 കോടിയായി തുടർന്നേക്കും

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്കാലമില്ല. ആഴ്ചയിൽ നറുക്കെടുക്കുന്ന ആറുടിക്കറ്റുകൾക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകൾക്കും 50 രൂപയാക്കാനായിരുന്നു സർക്കാർ നീക്കമെങ്കിലും ലോട്ടറി ഏജന്റുമാരുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവെച്ചു.
ടിക്കറ്റുവില 50 രൂപയാക്കിയാൽ വിൽപ്പനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജന്റുമാർ എതിർത്തത്. നേരത്തേ, 30 രൂപയിൽനിന്ന് 40 ആക്കിയപ്പോൾ വിൽപ്പനയിൽ ഇടിവുണ്ടായിരുന്നു. അന്നു കുറവുണ്ടായ വിൽപ്പന തിരിച്ചുപിടിക്കുന്നതിനിടെ വീണ്ടും വിലകൂട്ടിയാൽ തിരിച്ചടി നേരിടുമെന്ന് ധനമന്ത്രിയെ അടക്കം ഏജന്റുമാർ അറിയിച്ചു. അതംഗീകരിച്ചാണു പിന്മാറ്റം.
എന്നാൽ, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുവില 40 രൂപയായി കുറയ്ക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. വിൽപ്പന കൂട്ടുന്നതിന് ചെറുസമ്മാനങ്ങളടക്കം കൂടുതൽ വേണമെന്ന ആവശ്യം പരിഗണിച്ചേക്കും. അതനുസരിച്ച് സമ്മാനഘടന പരിഷ്കരിക്കാനുള്ള നടപടിയുണ്ടാകും. ഏതുരീതിയിൽ വേണമെന്നത് പഠനത്തിനുശേഷമേ തീരുമാനിക്കൂവെന്നാണു വിവരം.സെറ്റ് ലോട്ടറി കച്ചവടം നിയന്ത്രിക്കാൻ നടപടിയുണ്ടാകും. വിവിധ സീരീസിലെ ഒരേനമ്പർ ടിക്കറ്റുകൾ വെച്ചുള്ള സെറ്റ് കച്ചവടം വിൽപ്പനയ്ക്കു ദോഷം ചെയ്യുന്നുണ്ടെന്ന് ഏജന്റുമാരിൽനിന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.
ഓണം ബമ്പർ 25 കോടിയായി തുടർന്നേക്കും
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇക്കുറിയും 25 കോടി രൂപയായി തുടർന്നേക്കും. ടിക്കറ്റുവിലയിലും മാറ്റമുണ്ടാകാനിടയില്ല. 500 രൂപയാകും വില. മുൻവർഷം റെക്കോഡ് വിൽപ്പന നടന്നതിനാൽ ഇക്കുറി കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചേക്കും. കഴിഞ്ഞതവണ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളിൽ 75.76 ലക്ഷംടിക്കറ്റുകൾ വിറ്റു.