അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരൻ

Share our post

കൊച്ചി: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരൻ തിങ്കളാഴ്ച ആസ്പത്രി വിടും. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന് പനിയെത്തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചു.

ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടർന്നാണ് കുട്ടിയെ അമൃത ആസ്പത്രിയിലേക്കെത്തിച്ചത്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും പോസിറ്റീവായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വെന്റിലേറ്ററിൽനിന്ന് ഐ.സി.യു.വിലേക്കും തുടർന്ന് മുറിയിലേക്കും മാറ്റിയിരുന്നു.

രോഗമുക്തി അപൂർവം

മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മേലടി സ്വദേശി കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടിരുന്നു. 97 ശതമാനം മരണനിരക്കുള്ള അമീബിക് മസ്തിഷ്‌ക ജ്വരത്തിൽനിന്ന് രോഗികൾ രക്ഷപ്പെടുന്നത് അപൂർവമാണ്. ലോകത്തുതന്നെ 11 പേരാണ് രോഗമുക്തി നേടിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് തുടർച്ചയായി രണ്ട് രോഗബാധിതർ കേരളത്തിൽ രോഗമുക്തി നേടുന്നത്.

അതേസമയം സ്വകാര്യ ആസ്പത്രിയിൽ ഇതേ അസുഖം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നരവയസ്സുകാരന്റെ ആരോഗ്യസ്ഥിതി പുരോഗതിയില്ലാതെ തുടരുന്നു. ഇതേ ആസ്പത്രിയിൽ നിരീക്ഷണത്തിലുള്ള കോഴിക്കോട് സ്വദേശിയായ നാല് വയസ്സുകാരന്റെ സ്രവപരിശോധനാഫലം ലഭിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!