വിള ഇൻഷുറൻസ് രജിസ്‌ട്രേഷന് ഒ.ടി.പി.; കർഷകർ അക്ഷയ കേന്ദ്രത്തിൽ എത്തേണ്ടിവരും

Share our post

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് രജിസ്‌ട്രേഷന് പുതിയ ക്രമീകരണം. എയിംസ് പോർട്ടൽവഴി ചെയ്യുന്ന രജിസ്‌ട്രേഷന് കർഷകരുടെ മൊബൈലിലേക്ക് ഒ.ടി.പി. അയയ്ക്കുന്ന രീതി വ്യാഴാഴ്ചമുതലാണ് നിലവിൽവന്നത്. വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്താലേ ഉഴവുകൂലിക്കും സുസ്ഥിര നെൽക്കൃഷി വികസനത്തിനുള്ള ആനുകൂല്യത്തിനും അപേക്ഷിക്കാനാവൂ. പാടശേഖരസമിതി സെക്രട്ടറിമാരാണ് ഇതുവരെ കർഷകരുടെ വിള ഇൻഷുറൻസ് രജിസ്‌ട്രേഷൻ നടത്തിയിരുന്നത്. ഒരു പാടശേഖരസമിതിയുടെ കീഴിലുള്ള കർഷകരുടെ അപേക്ഷയും അനുബന്ധ രേഖകളും ഇൻഷുറൻസ് തുകയുമായി സമിതി സെക്രട്ടറി അക്ഷയ കേന്ദ്രത്തിലെത്തി എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഇതിന്റെ പകർപ്പ് കൃഷി ഓഫീസിലെത്തിക്കുകയാണ് ചെയ്തിരുന്നത്.

ഇനിമുതൽ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്ന സയത്ത് കർഷകരുടെ മൊബൈലിൽവരുന്ന ഒ.ടി.പി. പോർട്ടലിൽ രേഖപ്പെടുത്തണം. ഇതിനായി കർഷകർ അക്ഷയകേന്ദ്രങ്ങളിലെത്തേണ്ടി വരും. ഞാറുനട്ട് 15 മുതൽ 45 ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷനിലെ പുതിയ ക്രമീകരണം കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്നും പരിഹാരം കാണണമെന്നും എയിംസ് വിഭാഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. അതേസമയം, സൈബർ സുരക്ഷയുടെ ഭാഗമായാണ് ഒ.ടി.പി. ഏർപ്പെടുത്തിയതെന്ന് എയിംസ് വിഭാഗം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!