സൈലന്റ് വാലിയിലെ മഴക്കാടുകള്‍ സമ്മാനിച്ചത് 18 ലക്ഷം രൂപയുടെ തേന്‍

Share our post

മണ്ണാര്‍ക്കാട്: സൈലന്റ് വാലി മഴക്കാടുകളില്‍നിന്നും ആദിവാസികള്‍മുഖേന വനംവകുപ്പ് സംഭരിച്ചത് 18 ലക്ഷം രൂപയുടെ കാട്ടുതേന്‍. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് 3,440 കിലോ തേന്‍ സംഭരിച്ചത്. വനവികസന ഏജന്‍സിവഴി സംസ്ഥാനത്തുതന്നെ ഏറ്റവുംവലിയ തേന്‍സംഭരണമാണ് സൈലന്റ്വാലിയിലേത്. ‘വനശ്രീ സൈലന്റ് വാലി’ എന്ന പേരിലാണ് തേന്‍ പുറത്തിറങ്ങുന്നത്. ദേശീയോദ്യാനത്തിന്റെ പരിധിയിലുള്ള കരുവാര, ആനവായ്, തടിക്കുണ്ട്, താഴെ തുടുക്കി എന്നീ ഊരുകളിലെ ആദിവാസികളില്‍നിന്നാണ് ഇത്രയും തേന്‍ ശേഖരിച്ചത്. വനവികസന ഏജന്‍സി നേരിട്ടും ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ മുഖേനയുമാണ് ആദിവാസികളില്‍നിന്നുള്ള തേനെടുപ്പ്. കിലോയ്ക്ക് 650 രൂപ നിരക്കിലാണ് ഇവര്‍ക്ക് നല്‍കുന്നത്.

സംഭരിച്ച തേന്‍ മുക്കാലി റേഞ്ച് ഓഫീസിന് കീഴിലുള്ള തേന്‍ സംസ്‌കരണ യൂണിറ്റിലേക്കാണ് എത്തിക്കുന്നത്. കറയും ജലാംശവും നീക്കി ആവശ്യത്തിനനുസരിച്ച് കുപ്പിയിലാക്കി ഇക്കോഷോപ്പുകള്‍ മുഖേനയാണ് വില്‍പ്പന. സംസ്ഥാനത്തെ മറ്റ് വനവികസന ഏജന്‍സികളിലേക്കും ആവശ്യപ്രകാരം എത്തിക്കും. മഴക്കാടുകളിലെ തേനെടുപ്പ് വര്‍ഷങ്ങളായുണ്ടെങ്കിലും ഇക്കഴിഞ്ഞ വേനലിലാണ് വന്‍തോതിലുള്ള തേന്‍സംഭരണം നടന്നതെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. നാല് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ക്ക് കീഴിലായുള്ള 116 ആദിവാസികളാണ് തേന്‍ ശേഖരിച്ചത്. എത്തിക്കുന്ന തേനിന് അപ്പോള്‍ത്തന്നെ വിലനല്‍കുന്നതാണ് രീതി. ഇടനിലക്കാരുടെ ചൂഷണമില്ലാതെ മികച്ചവില ലഭ്യമാകുന്നത് ആദിവാസികള്‍ക്കും ഗുണകരമാണ്. സൈലന്റ് വാലി സന്ദര്‍ശിക്കാനെത്തുന്നവരാണ് വനശ്രീ സൈലന്റ് വാലി തേനിന്റെ പ്രധാന ഉപഭോക്താക്കള്‍. 1,000 രൂപയാണ് ശുദ്ധീകരിച്ച ഒരു കിലോഗ്രാം തേനിന്റെ വില.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!