വിളകളെ ആക്രമിക്കുന്ന കീടങ്ങൾ, രോഗംവരുത്തുന്ന അണുക്കൾ എന്നിവയെ നിയന്ത്രിക്കാൻ കഴിവുള്ള വിവിധതരം ബയോകൺട്രോൾ ഉപാധികൾ നമ്മുടെ ഗവേഷണകേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് ട്രൈക്കോ കാർഡുകൾ.
നെൽക്കൃഷിയിലെ പ്രധാന ശല്യങ്ങളായ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാൻ പറ്റിയ മാർഗമാണിത്. കൂടാതെ പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവർഗകീടങ്ങൾക്കെതിരേയും ഇത് ഫലപ്രദമാണ്.
ട്രൈക്കോഗ്രമ്മ സ്പീഷിസിൽപ്പെട്ട മിത്രപ്രാണിയുടെ സമാധിദശ ഉൾക്കൊള്ളുന്ന കാർഡുകളാണിവ. ഇതിനായി ലാബിൽ ഉപയോഗിക്കുന്നത് ട്രൈക്കോഗ്രമ്മ എന്ന വേട്ടാളൻ വർഗത്തിൽപ്പെട്ട വളരെ സൂക്ഷ്മ പ്രാണികളെയാണ്. ഈ പ്രാണിയുടെ 18,000 മുതൽ 20,000 വരെ മുട്ടകൾ ഒരു കാർഡിൽ ഉണ്ടായിരിക്കും.
പ്രയോഗരീതി
അരയേക്കർ സ്ഥലത്തേക്ക് ഒരുപ്രാവശ്യത്തെ പ്രയോഗത്തിന് ഒരു കാർഡ് മതിയാകും. ഈയൊരു കാർഡ് പത്ത് ചെറുകഷണങ്ങളാക്കി അഞ്ചുസെന്റ് സ്ഥലത്തിന് ഒരു കഷണം എന്നതോതിൽ വയലുകളിൽ തെങ്ങോല (ഓലക്കണ്ണി) ഉപയോഗിച്ചോ, പേപ്പർ കപ്പുകളിലാക്കി വടികളിൽ കുത്തിയോ മറ്റേതെങ്കിലും രീതിയിലോ വെച്ചുകൊടുക്കണം.
ഇത് നെൽപ്പരപ്പിന്റെ അതേ ഉയരത്തിൽ ആകുന്നതാണ് നല്ലത്. ഞാറ് പറിച്ചുനട്ട് ഒരുമാസം പ്രായമാകുന്നതുമുതൽ കതിരുകൾ മൂത്തുതുടങ്ങുന്നതുവരെയുള്ള കാലയളവിലാണ് ഇത് വെക്കുന്നത്. ഒരാഴ്ച ഇടവിട്ട് അഞ്ചുതവണവെക്കുന്നത് ഗുണംചെയ്യും.
കീടനിയന്ത്രണം
ഈ മുട്ടകൾ വിരിഞ്ഞിറങ്ങി ഇലചുരുട്ടിപ്പുഴുവിന്റെയും തണ്ടുതുരപ്പന്റെയും മുട്ടക്കൂട്ടങ്ങളെ തേടിപ്പിടിച്ച് അവയെ പരാദീകരിച്ചു പൂർണമായും നശിപ്പിക്കുകയാണ് പ്രവർത്തനരീതി. ഇലചുരുട്ടിപ്പുഴുവിന്റെയോ തണ്ടുതുരപ്പന്റെയോ മുട്ടക്കൂട്ടങ്ങളാണ് ഇതിന്റെ ഭക്ഷണം എന്നതിനാൽ ഇത്തരം കീടബാധയുള്ള പാടശേഖരങ്ങളിൽ മാത്രം പ്രയോഗിച്ചാൽ മതിയാവും. അല്ലാതിടങ്ങളിൽ മുട്ടവിരിഞ്ഞിറങ്ങുന്ന മിത്രകീടങ്ങൾ ഭക്ഷണം ലഭിക്കാതെ നശിച്ചുപോയേക്കും.
കീടങ്ങളെ തിരിച്ചറിയാം
തണ്ടുതുരപ്പൻ പുഴു, ഇലചുരുട്ടിപ്പുഴു എന്നിവയുടെ ശലഭങ്ങളെ എളുപ്പം തിരിച്ചറിയാം. വൈക്കോൽ നിറത്തിലുള്ള മുൻചിറകിന്റെ ഏകദേശം മധ്യഭാഗത്തായി കറുത്തപൊട്ടുള്ള ശലഭമാണ് തണ്ടുതുരപ്പൻ. പാടത്ത് ഇതിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാം.
പെൺശലഭം നെല്ലോലപ്പരപ്പിൽ മുട്ടകൾ ഇടും. തുടർന്ന് വൈക്കോൽനിറത്തിലുള്ള രോമങ്ങൾകൊണ്ട് അവ മൂടിവെക്കും. ഒരു മുട്ടക്കൂട്ടത്തിൽ നൂറോളം മുട്ടകളിടും. ഒരാഴ്ചകൊണ്ട് മുട്ടകൾവിരിഞ്ഞു പുഴു തണ്ടിനുള്ളിൽ പ്രവേശിച്ച് ഉൾഭാഗം തിന്നുവളരും.
പുഴു തണ്ടുതുളയ്ക്കുന്നതിന്റെ ഫലമായി ചെടിയുടെ നാമ്പ് വാടി ഉണങ്ങിനശിക്കുന്നു. വാടിയുണങ്ങിയ നാമ്പ് വലിച്ചാൽ എളുപ്പത്തിൽ ഊരിവരും. ആക്രമണം കതിർ രൂപപ്പെട്ടശേഷമാണെങ്കിൽ കതിർക്കുല വെൺകതിരായി മാറും.
ഓലചുരുട്ടിപ്പുഴുവിന്റെ ശലഭങ്ങൾക്ക് മഞ്ഞ ചിറകിന്റെ മുകൾപ്പരപ്പിൽ രണ്ടുവരി തവിട്ടുനിറത്തിലുള്ള അടയാളങ്ങൾ കാണാം. പെൺശലഭം രണ്ടു മൂന്നു അടുക്കുകളായോ ഒറ്റയായോ മുട്ടയിടും. ഈ മുട്ടകൾ നാലുദിവസംകൊണ്ട് വിരിഞ്ഞു പുഴുക്കൾ പുറത്തുവരും.
പുഴു നെല്ലോല നെടുകെ ചുരുട്ടിയോ കുറുകെ മടക്കിയോ അടുത്തുള്ള രണ്ടുമൂന്ന് നെല്ലോലകൾ കൂട്ടിപ്പിടിച്ചോ ഉണ്ടാക്കിയ കൂടിനുള്ളിൽ വസിച്ച് ഹരിതകം കാർന്നുതിന്നുന്നു. ഇതിന്റെഫലമായി നെല്ലോലകൾ വെളുക്കുന്നു. ക്രമേണ ഇവ കരിഞ്ഞുണങ്ങുന്നു. പുഴു ഇരിക്കുന്ന ഇലക്കൂടുകൾ പുഴുവിന്റെ കാഷ്ഠംകൊണ്ട് നിറഞ്ഞിരിക്കും.
ലഭ്യത
തൃശ്ശൂർ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ബയോകൺട്രോൾ ലബോറട്ടറിയിൽനിന്നും ട്രൈക്കോ കാർഡുകൾ ഉൾപ്പെടെയുള്ള ബയോകൺട്രോൾ ഉപാധികൾ ലഭ്യമാണ്. (വിവരങ്ങൾക്ക്: 0487 2374 605).
കൂടാതെ വെള്ളായണി കാർഷിക കോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽനിന്ന് ഇവ ലഭ്യമാണ്. (വിവരങ്ങൾക്ക്9645136567, 9446378182).