കോഴി കിട്ടാനില്ല; കേരള ചിക്കന്‍ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

ആവശ്യക്കാർക്കനുസരിച്ച് കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 395 ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ബ്രോയ്‌ലർ കോഴികളെ മാത്രമാണ് കേരളാ ചിക്കൻ വില്പനകേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
2017-ൽ ആരംഭിച്ച കേരള ചിക്കന് 10 ജില്ലകളിലായി 131 വില്പനകേന്ദ്രങ്ങളാണ് ഉള്ളത്. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിലില്ല. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഈ വർഷംതന്നെ കേന്ദ്രങ്ങൾ ആരംഭിക്കും. വിശ്വാസ്യതയും വിലക്കുറവുമുള്ളതിനാൽ കേരള ചിക്കന് ആവശ്യക്കാരേറെയാണ്. എന്നാൽ, ആവശ്യത്തിന് കോഴി ലഭിക്കാത്തതിനാൽ മിക്ക കേരള ചിക്കൻ വില്പനകേന്ദ്രങ്ങളും നേരത്തേ അടയ്ക്കേണ്ടിവരുന്നു. കൂടുതൽ ഓർഡർ എടുക്കുവാനും കഴിയുന്നില്ല.
കോഴി ഫാമുകളുടെ എണ്ണംകൂട്ടാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിലൂടെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നുമാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. കോബ് ഇനത്തിൽപ്പെട്ട 35 മുതൽ 42 ദിവസം പ്രായമായ ബ്രോയ്‌ലർ കോഴികളാണ് കേരള ചിക്കൻ വില്പനകേന്ദ്രങ്ങളിലുള്ളത്. കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് ഫാമും വില്പനകേന്ദ്രങ്ങളും അനുവദിക്കുന്നത്.