വിശപ്പകറ്റാൻ പൊലീസിന്റെ അക്ഷയപാത്രം

Share our post

കണ്ണൂർ: അശരണരുടെ വയറെരിയുമ്പോൾ ആശ്വാസം പകരുകയാണ്‌ പൊലീസ്‌. എന്നും വിഭവസമൃദ്ധ സദ്യയാണ്‌ കണ്ണൂർ സിറ്റി പൊലീസിന്റെ കനിവിന്റെ അക്ഷയപാത്രം നൽകുന്നത്‌. അലഞ്ഞുതിരിയുന്നവരെയും വയോജനങ്ങളെയും ആറ് വർഷമായി അക്ഷയപാത്രം ഊട്ടുന്നു. വിശപ്പുരഹിത ഭിക്ഷാടനമുക്ത നഗരം എന്ന ആശയത്തോടെ 2017ൽ പി.പി സദാനന്ദൻ ഡി.വൈ.എസ്‌.പിയായിരിക്കെയാണ് പദ്ധതി തുടങ്ങിയത്. സ്റ്റുഡന്റ്‌ പൊലീസ്, എൻ.സി.സി, സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്സ്, എൻ.എസ്എസ് യൂണിറ്റുകൾ, വ്യക്തികൾ, സന്നദ്ധസംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവയാണ്‌ ഭക്ഷണം എത്തിക്കുന്നത്. ടൗൺ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രത്യേകം ഒരുക്കിയ മുറിയിൽനിന്ന് ദിവസവും പകൽ 12 മുതൽ 1. 30വരെയാണ് ഭക്ഷണ വിതരണം. മദ്യപിച്ച് എത്തുന്നവർക്കൊഴിച്ച് മറ്റെല്ലാവർക്കും നൽകും. പ്രതിദിനം എഴുപത്തിയഞ്ചോളം ഭക്ഷണപ്പൊതികൾ നൽകുന്നുണ്ട്‌. പിറന്നാൾ, കല്യാണം, ഗൃഹപ്രവേശം, ചരമവാർഷിക ദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിലും ആളുകൾ ഭക്ഷണവുമായി അക്ഷയപാത്രത്തിൽ എത്താറുണ്ട്. ഓണം, പെരുന്നാൾ, വിഷു തുടങ്ങിയ വിശേഷ ദിനങ്ങളിൽ പുതുവസ്ത്രങ്ങളും സമ്മാനിക്കും. പുനരധിവാസ പ്രവർത്തനവും നടപ്പാക്കുന്നുണ്ട്. അവശരായ നിരവധിപേരെ ഇതിനകം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ആറ് വർഷമായി ആലംബഹീനരെ ചേർത്തുപിടിക്കുന്ന അക്ഷയപാത്രം പദ്ധതി മാതൃകയാണെന്ന് എ.സി.പി. ടി. കെ രത്നകുമാർ പറഞ്ഞു. എസ്‌.പി ഓഫീസിലെ എ.വി സതീഷാണ് കോ–-ഓഡിനേറ്റർ. സഹായത്തിന്‌ ബ്ലഡ് ഡൊണേഴ്സ് കേരളയുടെ വളന്റിയർമാരുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!