കടൽ രക്ഷാപ്രവർത്തനം; ജില്ലയിൽ 16 ലൈഫ് ഗാർഡുമാർ

കണ്ണൂർ: കാലവർഷം, ട്രോളിങ് നിരോധനം എന്നീ സാഹചര്യത്തിൽ കടൽ രക്ഷാപ്രവർത്തനത്തിനായി ജില്ലയിലുള്ളത് പതിനാറ് ലൈഫ് ഗാർഡുമാർ. ഫിഷറീസ് വകുപ്പ് താൽക്കാലിക നിയമനത്തിൽ നിയമിച്ചതാണ് ഇവരെ. കൂടാതെ അടിയന്തര സാഹചര്യം നേരിടാൻ 81 സ്കിൽഡ് മത്സ്യ തൊഴിലാളികളുടെ സേവനവും ജില്ലയിലുണ്ട്. തലായി, അഴീക്കൽ ഹാർബറുകളിൽ രണ്ട് ബോട്ടും ആയിക്കരയിൽ ഒരു ഫിഷറീസ് തോണിയും രക്ഷാപ്രവർത്തനം നടത്താൻ സജ്ജമാണ്. ഫിഷറീസ് വകുപ്പ് 24 മണിക്കൂറും കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തന ഏകോപനം.