ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു: പോളിസി ഉടമകള്‍ ഇനി എന്തുചെയ്യും?

കുറഞ്ഞ പ്രീമിയത്തില്‍ ജീവിത കാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെല്‍ത്ത് പോളിസി പിന്‍വലിച്ചതായി എസ്ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ പോളിസി നിലവിലുണ്ടാവില്ല. നിലവിലുള്ളവര്‍ക്ക് പുതുക്കാനും പുതിയവര്‍ക്ക് പോളിസി എടുക്കാനും കഴിയില്ല.
ആരോഗ്യ പ്ലിസന്റെ റദ്ദാക്കല്‍ പ്രഖ്യാപിച്ചതിനാല്‍ എസ്ബിഐയുടെ തന്നെ മറ്റ് ഹെല്‍ത്ത് പോളിസികളിലേക്ക് കൂടുമാറുക(മൈഗ്രേഷന്‍) ആണ് ഒരുവഴി. നടപടിക്രമങ്ങള്‍ ലളിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത. ക്യുമുലേറ്റീവ് ബോണസ്, കാത്തിരിപ്പ് കാലയളവിലെ കുറയ്ക്കല്‍ എന്നീ ആനുകൂല്യങ്ങള്‍ അനവദിച്ചുതന്നേക്കാം. ഉദാഹരണത്തിന്, നിലവിലുള്ള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ പുതിയ പോളിസിയില്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് കാലയളവുണ്ടാകുകയും നിലവിലെ പോളിസി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇനി രണ്ടുവര്‍ഷംകൂടി കാത്തിരുന്നാല്‍ മതിയാകും.
മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളിലേക്ക് പോര്‍ട്ട് ചെയ്യാനും അവസരമുണ്ട്. പോളിസി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയും പ്രീമിയവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പോര്‍ട്ട് ചെയ്യാനായി പോളിസി രേഖകളുമായി പുതിയ കമ്പനിയെയാണ് സമീപിക്കേണ്ടത്. മൈഗ്രേഷനില്‍ ലഭിക്കുന്നതുപോലെ കാത്തിരിപ്പ് കാലയളവിലും ബോണസിലും സമാനമായ ആനുകൂല്യം ഇവിടെയും ലഭിക്കും. പോളിസി കാലാവധി കഴിയുന്നതിന് രണ്ട് മാസംമുമ്പെങ്കിലും പുതിയ കമ്പനിയെ അതിനായി സമീപിക്കേണ്ടിവരും.