ചുഴലിക്കാറ്റ്; പേരാവൂരിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു

പേരാവൂർ :വ്യാഴാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ പേരാവൂരിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ വീണ് തൂണുകൾ തകർന്നും റബർ ഉൾപ്പെടെയുള്ള മരങ്ങൾ ഒടിഞ്ഞ് കൃഷികൾ നശിച്ചും വ്യാപക നാശവുമുണ്ടായി. പേരാവൂർ വളയങ്ങാട് കണ്ടംചിറമ്മൽ ലക്ഷ്മി, തോട്ടത്തിൽ ജയചന്ദ്രൻ, ഇടപ്പള്ളികുളത്തിൽ ഷീജ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണാണ് നാശമുണ്ടായത്. വെള്ളർവള്ളിയിൽ വൈദ്യുതി കമ്പികൾക്ക് മുകളിൽ വൻ മരം വീണ് തൂണുകൾ തകർന്ന് 11 കെ.വി ലൈൻ ഉൾപ്പെടെ റോഡിൽ പതിച്ചു. മാലൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.