കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Share our post

കണ്ണൂർ : കോഴിക്കോട് സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യാസ്പത്രിയിലേക്ക് മാറ്റിയത്. വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്‌തിഷ്‌ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആസ്പത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം നാളെ (വെള്ളിയാഴ്ച്ച) ലഭിക്കും.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരൻ അഫ്‌നാൻ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്‌തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാവുകയാണ്. റിപ്പോർട്ട് ചെയ്‌തശേഷം ഏഴുവർഷത്തിനിടെ ആറുപേർക്കു മാത്രം ബാധിച്ച രോഗം മൂലം രണ്ടു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. മേയ് 21-ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചു വയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റു രണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!