ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തിറങ്ങി; ഇന്ത്യൻ പാസ്‌പോര്‍ട്ടിന്റെ റാങ്ക് അറിയാം

Share our post

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തിറങ്ങി. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

സിംഗപ്പുരിന്റെ പാസ്‌പോര്‍ട്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള യാത്രരേഖയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റാങ്ക് പട്ടികയില്‍ ഒന്നാമതുള്ള സിംഗപ്പുര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 195 രാജ്യങ്ങളില്‍ വിസരഹിത പ്രവേശനത്തിന് അനുമതിയുണ്ട്. 82-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 58 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനത്തിന് അനുമതിയുള്ളത്. ഇത്രതന്നെ രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനാനുമതിയുള്ള സെനഗലും തജികിസ്താനും ഇന്ത്യയ്‌ക്കൊപ്പം 82-ാം റാങ്ക് പങ്കിടുന്നുണ്ട്.

192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനമുള്ള അഞ്ച് രാജ്യങ്ങളാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ക്കാണ് രണ്ടാം റാങ്ക്. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം റാങ്കിലുള്ളവരാണ്. ഇവിടുത്തെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നേടാം. ബെല്‍ജിയം, ഡെന്‍മാര്‍ക്, ന്യൂസീലന്‍ഡ്, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.കെ എന്നിവര്‍ നാലാമതാണ്. 190 രാജ്യങ്ങളിലേക്കാണ് ഇവരുടെ പാസ്‌പോര്‍ട്ടുകളില്‍ വിസരഹിത പ്രവേശനമുള്ളത്. ഇത്തരത്തില്‍ 186 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള യു.എസ് പാസ്‌പോര്‍ട്ട് എട്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍ യമനൊപ്പം 100-ാം റാങ്ക് പങ്കിടുമ്പോള്‍ ശ്രീലങ്കയ്ക്ക് 93-ാം റാങ്കും ബംഗ്ലാദേശ് 97-ാമതും അഫ്ഗാനിസ്താന്‍ 103-ാംസ്ഥാനത്തുമാണ്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ ഒമ്പതാം സ്ഥാനത്തും സൗദി അറേബ്യ 56-ാമതും ബഹ്‌റൈനും ഒമാനും അതിന് പിന്നിലായി യഥാക്രമം 57, 58 സ്ഥാനങ്ങളിലുമാണ്. ഖത്തറിന് 46-ാം റാങ്കാണുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!