വില്പനക്ക് വഴിയില്ല; ചെറുകിട മത്സ്യക്കർഷകർ കടത്തിൽ

Share our post

കരിവെള്ളൂർ(കണ്ണൂർ): വളർത്തിയ മത്സ്യം വിൽക്കാൻ കഴിയാതെ ചെറുകിട മത്സ്യകർഷകർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം വലിയതുക മുടക്കി മത്സ്യക്കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ കടത്തിൽ മുങ്ങിനിൽക്കുന്നത്. സാധാരണമായി മത്സ്യലഭ്യത കുറവായ ജൂൺ, ജൂലായ് മാസങ്ങളിലാണ് വളർത്തുമത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ, വിറ്റഴിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തത് തിരിച്ചടിയായി.ഫിഷറീസ് വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നുള്ള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സ്യക്കൃഷി ആരംഭിച്ചത്. വലിയ സബ്‌സിഡി, മത്സ്യങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനം ഇവയൊക്കെയായിരുന്നു വാഗ്ദാനം. എന്നാൽ, ചെറിയ സബ്സിഡി ലഭിച്ചു എന്നതൊഴിച്ചാൽ മത്സ്യങ്ങൾ വില്പന നടത്തുന്നതിന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ആറുമാസം കൊണ്ട് വിൽക്കേണ്ട മത്സ്യങ്ങൾ ഒരു വർഷമായിട്ടും വിറ്റഴിക്കാൻ കഴിയാതെ കുളങ്ങളിൽ വളരുന്നുണ്ട്. വില്പന വൈകുന്തോറും കർഷകർക്ക് നഷ്ടം കൂടിവരും. ഒരു രക്ഷയുമില്ലാതെ പകുതിവിലയ്ക്ക് കർഷകർ പ്രാദേശികമായി വിൽക്കുകയാണ് ചെയ്യുന്നത്.വലിയ തുക ബാങ്കിൽ നിന്ന് വായ്പയെടുത്താണ് മത്സ്യകൃഷിക്കിറങ്ങിയത്. ഇപ്പോൾ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണെന്ന് മൂന്ന് വർഷമായി മത്സ്യക്കൃഷി ചെയ്യുന്ന ഓണക്കുന്നിലെ കീനേരി ബാലകൃഷ്ണൻ പറഞ്ഞു.

മത്സ്യക്കൃഷി ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുതന്നെ കർഷകർക്ക് വലിയതുക ചെലവായിരുന്നു. ആറുരൂപ പ്രകാരം നൽകിയാണ് ഫിഷറീസ് വകുപ്പ് വഴി അസം വാളമത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. രണ്ട് സെന്റിൽ മണ്ണെടുത്ത് ടാർപായ വിരിച്ച് കുളം നിർമിക്കുക, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മോട്ടോറുകൾ സ്ഥാപിക്കുക, മുകളിലും വശങ്ങളിലും നെറ്റ് സ്ഥാപിക്കുക തുടങ്ങിയവ ഒരുക്കുന്നതിനുതന്നെ ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം വരെ ചെലവാകും. വളരുന്നതിനനുസരിച്ച് ഒരു ദിവസം 150 രൂപ മുതൽ 250 രൂപ വരെ തീറ്റയ്ക്ക് ചെലവാകും. വൈദ്യുതി ചെലവ് വേറെയും കാണണം.മത്സ്യകർഷകരുടെ ഉത്പന്നങ്ങൾ യഥാസമയം വിറ്റഴിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും അടിയന്തരമായി സംവിധാനമൊരുക്കണമെന്നാണ് കർഷകർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!