ഇരിട്ടി സ്വദേശിനിക്ക് അമേരിക്കൻ സർവകലാശാലയിൽ 3.10 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്

ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക.
ഐസറിൽനിന്ന് ബി.എസ്., എം.എസ്. കോഴ്‌സുകൾ പൂർത്തിയാക്കിയ സങ്കീർത്തന ജപ്പാനിലെ ടോക്യോ മെട്രോപോളിറ്റൻ സർവകലാശാലയിലും ടോക്യോ സർവകലാശാലയിലും കിടസാറ്റോ സർവകലാശാലയിലും ഗവേഷണം നടത്തി. കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ ചിന്നയ്യ സ്വാമിയോടൊത്ത് സുപ്ര മൊളിക്കുലർ വിഷയത്തിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഐസറിലെ പ്രൊഫസർ സബാവതി ഗോകുൽ നാഥിനൊപ്പം കാൻസറിന്റെ ലൈറ്റ് തെറാപ്പിക്കാവശ്യമായ ഡൈകളുടെ നിർമാണത്തിലാണ് ഗവേഷണം നടത്തിയത്.
മുഴക്കുന്ന് ഗവ. യു.പി സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം കാവുംപടി സി.എച്ച്.എം. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഉയർന്ന മാർക്കിൽ എസ്.എസ്.എൽ.സി.യും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് 99 ശതമാനം മാർക്കോടെ പ്ലസ് ടു പഠനവും പൂർത്തിയാക്കി. ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കാക്കയങ്ങാട് വിളക്കോട്ടെ സങ്കീർത്തനയിൽ പി.സി. സവിതയുടെയും കാവുംപടി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി.കെ. അനിൽകുമാറിന്റെയും മകളാണ്. സഹോദരി മാളവിക.