ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി

ഗുരുവായൂർ: സാങ്കേതികക്കുരുക്കുകൾ നീങ്ങി. ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രിനിർമാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ 30-ന് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആസ്പത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കൽ സെൻററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആസ്പത്രി വരുന്നത്. ഒരു ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടം. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്. 2022 സെപ്റ്റംബറിൽ ഗുരുവായൂരിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനിയുടെ വാഗ്ദാനം. ആസ്പത്രിയുടെ രൂപരേഖ അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിൽ, അംബാനി ഗ്രൂപ്പ് തുക നൽകുമെന്നാണ് അറിയുന്നത്. ഈ തുക ആസ്പത്രിക്കെട്ടിടനിർമാണത്തിനു മാത്രമാണ്. ബാക്കി തുക ദേവസ്വം ചെലവഴിക്കും. ദേവസ്വത്തിന്റെ മേൽനോട്ടത്തിൽത്തന്നെയായിരിക്കും ആസ്പത്രിയുടെ നടത്തിപ്പ്.