വിദേശ ടൂറിസ്റ്റുകള്‍ക്കും യു.പി.ഐ ഇടപാട് നടത്താം, ‘വണ്‍ വേള്‍ഡ്’ ആപ്പുമായി എന്‍.പി.സി.ഐ

ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി വണ്‍ വേള്‍ഡ് യു.പി.ഐ ആപ്പ് അവതരിപ്പിച്ച് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിം കാര്‍ഡും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും ഇല്ലാതെ യു.പി.ഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആപ്പ് ആണിത്. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് (പിപിഐ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. 2023 ല്‍ ജി20 ഇന്ത്യ ഉച്ചകോടിയില്‍ വണ്‍ വേള്‍ഡ് യുപിഐ ആപ്പ് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അത് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുകയാണ്. ഇത് ഒരു പ്രീപെയ്ഡ് വാലറ്റ് ആണ്. വിദേശത്ത് നിന്നുവരുന്ന സഞ്ചാരികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ഈ വാലറ്റിലേക്ക് മാറ്റാനാവും. ശേഷം ഇന്ത്യയിലെ യുപിഐ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് വാലറ്റില്‍ നിന്ന് പണം നല്‍കാം. പണമിടപാടുകള്‍ക്കായി ഇന്ത്യന്‍ കറന്‍സി ലഭിക്കാന്‍ സഞ്ചാരികള്‍ക്ക് ഇന് എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കേണ്ടിവരില്ല. ഈ ആപ്പില്‍ അക്കൗണ്ട് തുടങ്ങാനും ഇടപാട് നടത്താനും അധിക തുകയൊന്നും നല്‍കേണ്ടതുമില്ല.
വണ്‍ വേള്‍ഡ് യു.പി.ഐ ആപ്പിൽ അക്കൗണ്ട് ആരംഭിക്കാന്‍ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി പാസ് പോര്‍ട്ട്, വിസ, ഉപഭോക്താവിന്റെ വിദേശ ഫോണ്‍നമ്പര്‍ എന്നിവ ആവശ്യമാണ്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ട്രാന്‍സ്‌കോര്‍പ്പ് എന്നിവരുമായി സഹകരിച്ചാണ് എന്‍.പി.സി.ഐ വണ്‍വേള്‍ഡ് യു.പി.ഐ സൗകര്യം ഒരുക്കുന്നത്. വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ സഞ്ചാരികള്‍ക്ക് വണ്‍ വേള്‍ഡ് യു.പി.ഐ ആപ്പില്‍ അക്കൗണ്ട് തുടങ്ങാനാവും. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് വാലറ്റില്‍ പണമിടാം. വാലറ്റില്‍ എത്ര രൂപ വരെ ഇടാം എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. വാലറ്റില്‍ നിന്ന് യഥാര്‍ത്ഥ അക്കൗണ്ടിലേക്ക് തിരികെ പണം അയക്കാനുള്ള സൗകര്യവും ലഭ്യമാണ്.