ഇരുട്ട് സാക്ഷി; ദുരിതം ബാക്കി: 21 കിലോമീറ്ററിൽ 213 സോളർ വിളക്കുണ്ടായിട്ടും ഇരുട്ട് മാത്രം

Share our post

പാപ്പിനിശ്ശേരി: ഒരു കിലോമീറ്റർ ദൂരത്തിനിടയിൽ ശരാശരി 10 സോളർ വിളക്കുകൾ. 21 കിലോമീറ്റർ ദൂരത്തിനിടയിൽ 213 വിളക്കുകൾ. പക്ഷേ, ഒന്നുപോലും തെളിയില്ല. പാപ്പിനിശ്ശേരി– പിലാത്തറ കെഎസ്ടിപി റോഡിലാണ് ഈ വഴിവിളക്കുകളിൽ ഇരുട്ടുമൂടിയ കാഴ്ച.2018ൽ കെഎസ്ടിപി റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ സർക്കാരും അധികൃതരും വാഗ്ദാനം ചെയ്തു, ‘ഇതു ഞങ്ങൾ സുരക്ഷിതപാതയാക്കും’. പക്ഷേ, വാഗ്ദാനം വാഗ്ദാനമായിത്തന്നെ ഒതുങ്ങി.

‘സുരക്ഷിതപാത’യിൽ ഇപ്പോഴും സുരക്ഷയ്ക്കായി ഒരു വിളക്കുപോലും കണ്ണു തുറന്നിട്ടില്ല. 118.29 കോടി രൂപ ഉപയോഗിച്ചു നിർമിച്ച പാപ്പിനിശ്ശേരി– പിലാത്തറ കെഎസ്ടിപി റോഡ് ദേശീയപാത കണ്ണൂർ–പയ്യന്നൂർ റൂട്ടിലെ ബൈപാസ് റോഡ് എന്ന നിലയിലാണു നടപ്പാക്കിയത്. നിലവിൽ ദേശീയപാത നിർമാണം നടക്കുന്നതിനാൽ പാചകവാതക ടാങ്കർ ലോറികളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ ഇരുട്ടുപാതയിലൂടെ കടന്നുപോകുന്നത്.

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ 27 സോളർ വിളക്കുകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. പൂർണമായി ഇരുട്ടു നിറഞ്ഞ അവസ്ഥയിൽ കുഴികൾ കൂടി വില്ലനാകുന്നതിനാൽ അപകടങ്ങൾ പതിവായയിട്ടുണ്ട്. പഴയങ്ങാടി താവം റെയിൽവേ മേൽപാലത്തിലെ 26 സോളർ വിളക്കുകളും പ്രവർത്തനരഹിതമാണ്. പഴയങ്ങാടി ടൗണിൽ 28 സോളർ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയാണ്. കാടുമൂടിയ നിലയിലാണ് ചിലയിടങ്ങളിലെ വിളക്കുകാലുകൾ. ചുമടുതാങ്ങിയിൽ 5, മണ്ടൂർ 10 എന്നിങ്ങനെ വിളക്കുകൾ സ്ഥാപിച്ചു. അടുത്തില, എരിപുരം, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി ജംക്​ഷൻ എന്നിവിടങ്ങളിലായി 8 വീതവും മറ്റിടങ്ങളിൽ 3 വീതം സോളർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും ഇത്തിരിവെട്ടം പോലും കിട്ടിയില്ല എന്നതാണു സത്യം.

മോഷ്ടാക്കൾക്ക് മാത്രം പ്രിയം

വിളക്കുകാലുകളിലെ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. ചിലയിടങ്ങളിൽ സ്ഥാപിച്ച സോളർ വിളക്കുകാലിന്റെ അടയാളം പോലും ബാക്കി വയ്ക്കാതെ നാടുകടത്തിക്കഴിഞ്ഞു. സ്ഥാപിച്ചിട്ട് അഞ്ചര വർഷം കഴിഞ്ഞിട്ടും ഇവ മാറ്റി സ്ഥാപിക്കാനോ ബദൽ സംവിധാനം ഏർപ്പെടുത്താനോ അധികൃതർ തയാറായിട്ടില്ല.2021ൽ അനർട്ടിനു വേണ്ടി ഊർജമിത്ര സോളർ വിളക്കുകളുടെ സർവേ നടത്തിയിരുന്നു. സോളർ വിളക്കുകാലിൽ സ്ഥാപിച്ച ബാറ്ററിയുടെ ഗുണമേന്മയില്ലായ്മ സർവേയിൽ പ്രത്യേകം സൂചിപ്പിച്ചു. സോളർ പാനലിന്റെയും വിളക്കുകളുടെയും തുടർ പരിശോധനയോ, പരിചരണമോ ഇതുവരെ നടന്നിട്ടില്ല.

ഒന്നിനും ഒരു കൃത്യതയുമില്ലാതെ ഗുണമേന്മ പരിശോധിക്കാതെ നടപ്പാക്കിയതിനാലാണു മിക്കവയും നശിച്ചു പോയതെന്നാണു വിവരം. ലിഥിയം ബാറ്ററി ഉപയോഗിച്ചാൽ കൂടുതൽ മികവു ലഭിക്കുമെന്ന നിർദേശവുമുണ്ടായിരുന്നു. ഇവ മാറ്റി സ്ഥാപിക്കാൻ അനർട്ടിനെ ചുമതലപ്പെടുത്തി ഫണ്ട് അനുവദിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇതിനിടയിൽ കെഎസ്ഇബിയുമായി ചേർന്നു പുതിയ വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള ശ്രമവും എങ്ങുമെത്തിയില്ല. യാത്രക്കാർ ഇരുട്ടിൽ വീണുപോയാലും റോഡിൽ വെളിച്ചമെത്തിക്കാൻ അധികൃതർ തയാറാകാത്ത സ്ഥിതിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!