ഷിരൂര്‍ മണ്ണിടിച്ചിൽ കാണാതായ സ്ത്രീയുടെ മൃതദേഹം 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി

Share our post

ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.

ഗം​ഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!