‘കള്ളനെ പിടിക്കാൻ’ എന്നപേരിൽ വാട്‌സാപ്പ്ഗ്രൂപ്പ്; ചുറ്റിച്ചത് ഒരുവർഷം, എത്തിനോട്ടക്കാരൻ അഡ്മിൻ തന്നെ

Share our post

താമരശ്ശേരി: പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്‌സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ ഞെട്ടി. എത്തിനോട്ടക്കാരെ പൊക്കാനായി കോരങ്ങാട് മേഖലയിൽ ‘കള്ളനെ പിടിക്കാൻ’ എന്ന പേരിലുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ അഡ്മിനായിരുന്നു കക്ഷി.

ഗ്രൂപ്പുണ്ടാക്കി രാത്രി ഉറക്കമിളച്ച് കാവലിരിക്കാനും ജാഗ്രതപാലിക്കാനും നാട്ടുകാരെ ഇളക്കിവിട്ടയാൾതന്നെയാണ് ഒരുവർഷത്തോളം തങ്ങളുടെ ഉറക്കംകളഞ്ഞതെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെ യുവരക്തങ്ങളുടെ പിടിവിട്ടു. ഒടുവിൽ ചെറുപ്പക്കാർ തല്ലിക്കൊല്ലാതിരിക്കാൻ മുതിർന്നവർ ഇടപെട്ട് ‘പ്രതി’യെ സമീപത്തെ ഗോഡൗണിലേക്ക് മാറ്റി, ഷട്ടർ താഴ്ത്തിയിട്ട് ഒരുവിധം രക്ഷിക്കുകയായിരുന്നു. ഒളിഞ്ഞുനോട്ടമല്ല, മോഷണമായിരുന്നു തന്റെ ലക്ഷ്യമെന്നുപറഞ്ഞ് കുറ്റം ‘ലഘൂകരിക്കാ’നും ഇതിനിടെ അഡ്മിൻ ശ്രമിച്ചുകൊണ്ടിരുന്നു.

അഡ്‌മിനായ യുവാവിനെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാരോ നാട്ടുകാരോ പരാതിനൽകാതിരുന്നതിനാൽ കേസെടുക്കാതെ വിട്ടയച്ചു. ഏതായാലും മൂന്നുദിവസംമുൻപുണ്ടായ ഈ സംഭവത്തോടെ നാട്ടുകാർ ‘മാഷ്’ എന്നുവിളിച്ചിരുന്നയാൾ പ്രദേശത്തുനിന്ന് സകുടുംബം മാറി.

ബൈക്കിലെത്തി സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾക്കുസമീപം പതുങ്ങിയിരുന്ന് രാത്രി ഏറെവൈകും മുൻപേ എത്തിനോക്കുന്നതായിരുന്നു ഒന്നരവർഷംമുൻപ്‌ കോരങ്ങാട്ടെത്തി വാടകയ്ക്കുതാമസമാരംഭിച്ച ‘മാഷി’ന്റെ പതിവ്. നല്ല മെയ്‌വഴക്കത്തോടെ മതിലിനും പാരപ്പറ്റിനും മുകളിൽ വലിഞ്ഞുകയറിയായിരുന്നു ഒളിഞ്ഞുനോട്ടം. മുൻപ്‌ പലതവണ നാട്ടുകാർ വളഞ്ഞിരുന്നെങ്കിലും അസാമാന്യവേഗത്തിൽ ഓടിമറയുകയായിരുന്നു പതിവ്. പിന്നീട് കുറെക്കഴിഞ്ഞ് സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തിരച്ചിലിനും കൂടും. നാട്ടുകാരുടെ ശ്രദ്ധതെറ്റിച്ച് അവരെ വട്ടംകറക്കാനും ശ്രദ്ധിക്കപ്പെടുന്നുണ്ടോയെന്ന് അറിയാനുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പാണ് ‘അഡ്മിന്’ തുണയായത്. താമസസ്ഥലത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പരിസരത്തുനിന്നാണ് യുവാവ് പിടിയിലാവുന്നത്. മുകൾനിലയിലെ ജനലിനപ്പുറത്ത് ആളനക്കംകണ്ട് വീട്ടിലെ പെൺകുട്ടി സമീപവാസികളെ വിളിച്ചറിയിച്ചതോടെ യുവാവ് താഴേക്ക് എടുത്തുചാടുകയും നാട്ടുകാരുടെ കൈയിൽപ്പെടുകയുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!