സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ നടന്നില്ല; നിരത്തിലിറക്കാനാകാതെ കെ.എല്‍. 90

Share our post

ര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ കെ.എല്‍. 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനമേര്‍പ്പെടുത്താന്‍ വൈകുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടിയുള്ള ദേശസാത്കൃതവിഭാഗം ഓഫീസില്‍ (നാഷണലൈസ്ഡ് സെക്ടര്‍-കെ.എല്‍ 15) ഓഫീസ് തുറക്കാനും സര്‍ക്കാര്‍വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അവിടേക്കുമാറ്റാനും കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ഓഫീസ് നവീകരണം തുടങ്ങിയതേയുള്ളൂ.

വാഹനങ്ങളില്‍ കേരള സര്‍ക്കാരിന്റെ ബോര്‍ഡ് അനധികൃതമായി ഉപയോഗിക്കുന്നത് തടയാനാണ് പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം വിഭാവനംചെയ്തത്. അനധികൃതമായി ബോര്‍ഡുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഉപയോഗത്തിലുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റാനുള്ള ഉത്തരവുകൂടി ഇറങ്ങേണ്ടതുണ്ട്. നിലവില്‍ ഓഫീസ് നിര്‍മാണത്തിനും ജീവനക്കാരുടെ വിന്യാസത്തിനുംമാത്രമാണ് സര്‍ക്കാര്‍ അനുമതി. കുടപ്പനക്കുന്നിലെ എന്‍.എസ്. വിഭാഗം ആര്‍.ടി.ഒ.യുടെ കീഴിലാകും പുതിയ ഓഫീസും പ്രവര്‍ത്തിക്കുക.കെ.എല്‍. 90 എ മുതല്‍ ഡി വരെയാണ് പുതിയ രജിസ്ട്രേഷന്‍. സംസ്ഥാനസര്‍ക്കാരിന്റെ വാഹനങ്ങളെല്ലാം കെ.എല്‍. 90 എ ശ്രേണിയിലാകും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 90 ബിയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് 90 സിയും നല്‍കും.

കള്ള ടാക്‌സിക്ക് സര്‍ക്കാര്‍ബോര്‍ഡ്

ഒട്ടേറെ സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ബോര്‍ഡുമായി നിരത്തിലിറങ്ങുന്നുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പല സ്ഥാപനമേധാവികള്‍ക്കും മഞ്ഞ നമ്പര്‍ ബോര്‍ഡുള്ള ടാക്‌സി വാഹനങ്ങളോട് താത്പര്യമില്ല. പകരം നിയമവിരുദ്ധമായി സ്വകാര്യവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം സര്‍ക്കാര്‍ബോര്‍ഡ് വെക്കും. നിരത്തില്‍ സര്‍ക്കാര്‍വാഹനമെന്ന പരിഗണന ലഭിക്കാന്‍വേണ്ടിയാണ് ഈ ക്രമീകരണം. പലതും ഉദ്യോഗസ്ഥരുടെ ബിനാമിവാഹനങ്ങളാണ്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!