ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി

ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം നടന്നതിന് പിന്നാലെ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യാസ്പത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെയാണ് മരിയ റോസിന്റെ മരണം സ്ഥീരികരിച്ചത്. ഇതിന് പിന്നാലെയാണ് സ്വകാര്യാസ്പത്രിയുടെ എക്സ്റേ മുറിയിൽ ഇമ്മാനുവൽ തൂങ്ങിമരിച്ചത്.
പുലർച്ചെ മൂന്നു മണിയോടെയാണ് ആസ്പത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയും ഇവർക്കുണ്ട്. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണ് മരിയ റോസ്. മുളവുകാട് സ്വദേശിയാണ് ഇമ്മാനുവൽ. വിവാഹശേഷം ഇരുവരും കൊങ്ങോർപ്പിള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.