നിയമം ലംഘിച്ച വാഹനങ്ങള്‍ ഇനി കരിമ്പട്ടികയില്‍ ആകില്ല; പണിവരുന്നത് പുതിയ രൂപത്തില്‍

പിഴ അടയ്ക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന ‘കരിമ്പട്ടിക’ മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുന്നു. വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന കരിമ്പട്ടിക (ബ്ലാക്ക്‌ലിസ്റ്റ്) എന്ന വിശേഷണമാണ് ഒഴിവാക്കുന്നത്. സേവനങ്ങള്‍ നിഷേധിക്കുന്നത് തുടരും. പിഴ അടച്ചില്ലെങ്കില്‍ കരിമ്പട്ടികയ്ക്കുപകരം അപേക്ഷ നിരസിച്ചുകൊണ്ട് ‘നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്’ എന്ന സന്ദേശം ലഭിക്കും. കരിമ്പട്ടിക പ്രയോഗത്തിനെതിരേ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. പഴയ കരിമ്പട്ടികയില്‍ 15 ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങളും വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥരെടുത്ത കേസുകളും ഇതില്‍പ്പെടും. ഇവരില്‍നിന്നും റോഡ് നികുതി മാത്രം സ്വീകരിക്കും. മറ്റ് ഫീസുകളും അപേക്ഷയും നിരസിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ പിഴവുകാരണം കുടിശ്ശികയില്‍പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചെക്‌പോസ്റ്റ് കടക്കുന്ന കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളില്‍നിന്നു 105 രൂപ സര്‍വീസ് വാങ്ങാന്‍ അധികൃതര്‍ വിട്ടുപോയതാണ് ഇപ്പോള്‍ വാഹന ഉടമകള്‍ക്ക് ഭാരമായിട്ടുള്ളത്.
ഇ-ചെലാന്‍വഴിയുള്ള പിഴകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാമെങ്കിലും, സര്‍വീസ് ചാര്‍ജ്, സെസ്, കോമ്പൗണ്ടിങ് ഫീസ് എന്നിവ ഒടുക്കാന്‍ അതത് ഓഫീസുകളെ സമീപിച്ച് ലോഗിന്‍ യൂസര്‍നെയിമും പാസ്വേര്‍ഡും വാങ്ങേണ്ടിയിരുന്നു. ഈ പിഴ ഓണ്‍ലൈനില്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. നേരിട്ട് ഓഫീസില്‍ എത്തുന്നതിനുപകരം ഇ-മെയില്‍ ചെയ്താല്‍ വാഹന ഉടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് യൂസര്‍നെയിമും പാസ്വേര്‍ഡും ലഭിക്കുന്നവിധത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. അനുവദിക്കുന്ന സമയത്തിനുള്ളില്‍ ഓണ്‍ലൈനില്‍ പ്രവേശിച്ച് പിഴ അടയ്ക്കണം. 2019-നു മുമ്പുള്ള കേസുകളാണിവ. സംസ്ഥാനത്തെ 60 ശതമാനത്തോളം കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ക്ക് വിവിധ ചെക്‌പോസ്റ്റുകളിലായി സര്‍വീസ് ചാര്‍ജ് കുടിശ്ശികയുണ്ട്. ഇവ അടയ്ക്കുന്നതിലെ സങ്കീര്‍ണത ഇടനിലക്കാരും മുതലെടുക്കുന്നുണ്ട്.