ഇരിട്ടി സ്വദേശിനികൾ നാടൻ പാട്ടിൽ സൂപ്പർ സ്റ്റാറുകൾ

Share our post

ഇരിട്ടി : അടുത്ത കൂട്ടുകാരാണ്‌ അവന്തികയും അക്ഷരയും. നാടൻപാട്ടിന്റെ ഈണങ്ങളിലും ഇഴപിരിയാറില്ല ഇവരുടെ സ്വരങ്ങൾ. ഗോത്രചാരുതയുള്ള പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്‌ കൊച്ചുമിടുക്കികൾ. ഫേസ്‌ ബുക്കിലും ഇൻസ്റ്റയിലടക്കം 7, 84,000 ഫോളോവേഴ്‌സ്‌ ഇവർക്കുണ്ട്‌. യുട്യൂബിൽനിന്നും നാടൻ പാട്ടുകൾ പഠിച്ച്‌ സ്വന്തം ശൈലിയിൽ പരുവപ്പെടുത്തിയാണ്‌ ആലാപനം. മനംനിറഞ്ഞ കമന്റുകളും അഭിനന്ദനങ്ങളുമായി യുട്യൂബിൽ 2,55,000 ഫോളോവേഴ്‌സ്‌ ഇവർക്കുണ്ട്‌. ഇവരുടെ നാടൻപാട്ട്‌ വീഡിയോകൾ പങ്കിടുന്നവരും അനേകം.

കനൽച്ചൂടേറ്റ കീഴാളരുടെ അനുഭവതീക്ഷ്ണതയുള്ള പാട്ടുകളാണ്‌ നവമാധ്യമ പേജുകളിൽ ഒഴുകുന്നത്‌. സംഗീത ഉപകരണങ്ങളുടേതോ, കരോക്കെയുടെയോ പിന്നണിയില്ലാതെ വായ്ത്താരിയിലാണ്‌ പാടുന്നത്‌. ‘കാവിലെയമ്മയോടന്നാദ്യം കേണവൾ..
ആശിച്ചൊരാണിനെ തന്നീടാനായ്‌…..’ എന്ന പാട്ട്‌ സൂപ്പർ ഹിറ്റായതോടെയാണ്‌ അവന്തികയും അക്ഷരയും ശ്രദ്ധേയരായത്‌. ഡി.വൈ.എഫ്‌.ഐ നടത്തിയ യുവധാര ലിറ്ററേച്ചർ ഫെസ്റ്റിൽ സംസ്ഥാനതല മത്സരം വരെയെത്തിയ ഇരുവരും ബാലസംഘം പ്രവർത്തകരുമാണ്‌.

അവന്തിക ഇരിട്ടി എച്ച്‌.എസ്‌.എസിൽ പ്ലസ്‌ടുവിന്‌ പഠിക്കുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, മോണോ ആക്ട്‌ എന്നിവയിലടക്കം മത്സരിച്ചു. നാടൻപാട്ട്‌ മാത്രമാണിപ്പോൾ മുഖ്യം. പെരുവമ്പറമ്പ്‌ റേഷൻ മൊത്ത വിതരണ ഗോഡൗണിൽ കയറ്റിറക്ക്‌ തൊഴിലാളി പി.കെ. സിജുവാണ്‌ അച്ഛൻ. അമ്മ ശ്രീജ. പയഞ്ചേരിയിലെ ചെറിയാക്കടവൻ മനോജാണ്‌ അക്ഷരയുടെ അച്ഛൻ. മട്ടന്നൂർ പി.ആർ.എൻ.എസ്‌.എസ്‌ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്‌ അക്ഷര. അമ്മ: ബിന്ദു. അനുശ്രീ സഹോദരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!