ഫാസ്ടാഗ് മുന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ വേണം; ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് കേന്ദ്രം

Share our post

ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ സ്ഥാപിച്ചില്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി. ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. ഫാസ്ടാഗ് നല്‍കുന്ന ബാങ്കുകളോട് അതിറക്കുമ്പോള്‍ത്തന്നെ മുന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിപ്പിക്കുന്നത് ഉറപ്പാക്കാനും നിര്‍ദേശിച്ചു.

രേഖകള്‍ പുതുക്കിയില്ലേ? ടോള്‍പ്ലാസയില്‍ പിടിക്കും

ഇന്‍ഷുറന്‍സ്, നികുതി, പി.യു.സി. തുടങ്ങിയ വാഹനരേഖകള്‍ പുതുക്കാത്തവര്‍ ഗുജറാത്തിലെ ടോള്‍പ്ലാസകളില്‍ കുടുങ്ങും. ഫാസ്ടാഗ് സംവിധാനത്തെ ആര്‍.ടി.ഒ.കളിലെ വാഹന വിവരങ്ങളുമായി ഇ-ലിങ്ക് ചെയ്താണ് ഇത് സാധ്യമാക്കുക. സംസ്ഥാന ഗതാഗത വകുപ്പിന്റെ വെഹിക്കിള്‍ 4 സെര്‍വറിനെ ടോള്‍ പ്ലാസ സെര്‍വറുകളുമായി ബന്ധിപ്പിക്കും. വാഹന നമ്പര്‍ പ്ലാസയില്‍ സ്‌കാന്‍ചെയ്യുമ്പോഴേ വാഹനരേഖകളുടെ കാലാവധിയും സ്വാഭാവികമായി മനസ്സിലാക്കാം. ഉടന്‍തന്നെ ഇ-ചലാന്‍ ഉടമയ്ക്ക് ലഭിക്കും. അടുത്തമാസം പരീക്ഷണാടിസ്ഥാനത്തില്‍ നാല് ടോള്‍ബൂത്തുകളില്‍ പദ്ധതി തുടങ്ങും. ആദ്യഘട്ടത്തില്‍ വാണിജ്യവാഹനങ്ങളും ടാക്‌സികളും മാത്രമാണ് ഉള്‍പ്പെടുത്തുക. സ്വകാര്യ വാഹനങ്ങളെ അടുത്തഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!