എല്ലാ സ്‌കൂളിലും വർഷത്തിൽ മൂന്ന് പി.ടി.എ. പൊതുയോഗം നിർബന്ധം

ചിറ്റിലഞ്ചേരി:സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും അധ്യയനവർഷത്തിൽ മൂന്നുതവണ പി.ടി.എ. പൊതുയോഗം ചേരണമെന്ന നിബന്ധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. മിക്ക സ്‌കൂളുകളിലും ഓരോ അധ്യയനവർഷത്തിലും പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണിത്. ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരുമാസത്തിനുള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം.
രണ്ടാമത്തെ പൊതുയോഗം അർധവാർഷിക പരീക്ഷയ്ക്കുമുൻപും മൂന്നാമത്തേത് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൊതുപരീക്ഷകൾ ആരംഭിക്കുന്നതിന്റെ ഒരുമാസം മുൻപും മറ്റ് സ്‌കൂളുകളിൽ ഫെബ്രുവരി അവസാനവാരവും നടത്തണം. വിദ്യാർഥിയുടെ രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിയുടെ അമ്മയ്ക്കോ അച്ഛനോ മാത്രമേ പി.ടി.എ. കമ്മിറ്റിയിൽ അംഗമാകാൻ അർഹതയുള്ളൂവെന്നും പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നുവർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.