“ഫോൺ നമ്പർ പ്രവർത്തന രഹിതമാകും, വേഗം പിഴയടച്ചോ”

Share our post

കൊച്ചി : ‘‘ഹലോ…. കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ നിന്നാണ്‌. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉടൻ പ്രവർത്തന രഹിതമാകും. ഇത്‌ ഒഴിവാക്കാൻ ഒമ്പതിൽ അമർത്തുക’’. ഇത്തരം പ്രീ റെക്കോഡഡ്‌ ഫോൺ സന്ദേശം വരുമ്പോൾ അവർ പറയുന്ന നമ്പറിൽ വിരലമർത്തിയാൽ നടക്കുക നാടകീയ സംഭവങ്ങൾ. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ വർധിക്കുന്നതായി പൊലീസും സൈബർ സുരക്ഷാ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു.

നിങ്ങളുടെ ആധാർ നമ്പർ ഇതുതന്നെയല്ലേ എന്നാണ്‌ ആദ്യ ചോദ്യം. ആധാർ നമ്പർ കൃത്യമായാൽ വാട്‌സാപ് വീഡിയോ കോളിൽ വരാൻ പറയും. ഇതിൽ കാണുക മുംബൈയിലെയോ ഡൽഹിയിലെയോ ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്ന ആളെ. നിങ്ങളുടെ ആധാർ ഉപയോഗിച്ച്‌ മറ്റൊരാൾ എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച്‌ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചാരണം അല്ലെങ്കിൽ മനുഷ്യക്കടത്ത്‌ നടത്തിയെന്നും ഇയാൾ അറസ്റ്റിലായെന്നും പറയും. നിങ്ങളും കേസിൽ പ്രതിയാകുമെന്ന്‌ ഭീഷണിപ്പെടുത്തും. അറസ്റ്റ്‌ വാറന്റ്‌ അയച്ചിട്ടുണ്ടെന്നും കേസിൽനിന്ന്‌ ഒഴിവാക്കാൻ പിഴ അടയ്‌ക്കാനും പറയും. പിഴ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾവരെയായിരിക്കും. പിഴ അടച്ചാൽപ്പിന്നെ പൊലീസുകാരനെയോ വ്യാജ ടെലികോം മന്ത്രാലയത്തെയോ കണ്ടെത്താനാകില്ല. അവർ നിങ്ങളെ വിളിച്ച നമ്പറുകൾ സ്വിച്ച്‌ ഓഫുമായിരിക്കും.

ടാഫ്‌കോപ്പിന്റെ സഹായം തേടാം

നമ്പർ ബ്ലോക്ക്‌ ചെയ്യുന്നതിന്‌ ഒരിക്കലും ടെലികോം മന്ത്രാലയം ആരെയും നേരിട്ട്‌ വിളിക്കില്ല. ഒരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച്‌ മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ വെബ്‌സൈറ്റായ tafcop.sancharsaathi.gov.in ഉപയോഗിച്ച്‌ മനസ്സിലാക്കാം. സൈറ്റിൽ കയറി ആ നമ്പർ ബ്ലോക്ക്‌ ചെയ്യാമെന്ന്‌ സൈബർ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറഞ്ഞു. ഇത്തരം ഫോൺ കോളുകൾ വന്നാൽ അടുത്ത പൊലീസ്‌ സ്‌റ്റേഷനിൽ അറിയിക്കണം. തട്ടിപ്പിനിരയായാൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടൽ നമ്പർ 1930ൽ വിളിച്ച്‌ പരാതിയും രജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!