പ്ലസ്‌വൺ: സ്‌കൂളും വിഷയവും മാറാൻ അപേക്ഷ വെള്ളിയാഴ്ച രണ്ടുവരെ

Share our post

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.

ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസർകോട് ജില്ലകളിൽ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്കൂൾ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റിൽ ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർക്കും സ്പോർട്‌സ്, ഭിന്നശേഷി, മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളിൽ മാത്രമേ മാറ്റം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്കൂളിൽ മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാൽ സ്കൂൾ മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്കൂളും വിഷയവും മാറാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം.

നിലവിൽ സീറ്റൊഴിവില്ലാത്ത സ്കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാം. സ്കൂൾ മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവിൽ ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാൽ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.

സ്‌കൂൾ മാറ്റത്തിന് 32,985 സീറ്റ്

സ്കൂളും വിഷയവും മാറുന്നതിന് ആകെ 32,985 മെറിറ്റ് സീറ്റാണുള്ളത്. 120 താത്കാലിക ബാച്ചുകളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുള്ളത്. 8,456 എണ്ണം. മറ്റു ജില്ലകളിലെ സീറ്റുനില. തിരുവനന്തപുരം -2,306, കൊല്ലം -2,764, പത്തനംതിട്ട -2,753, ആലപ്പുഴ -2,508, കോട്ടയം -1,786, ഇടുക്കി -1,054, എറണാകുളം -2,831, തൃശ്ശൂർ -2,208, പാലക്കാട് -1,137, കോഴിക്കോട് -1,099, വയനാട് -583, കണ്ണൂർ -1,420, കാസർകോട് -2,082.

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് സീറ്റുനില 22 -ന്

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള നടപടി 22-നു തുടങ്ങും. അന്നുച്ചയ്ക്ക് ഒന്നിന് ഒഴിവുള്ള സീറ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിൽ ഇടംകിട്ടാത്തവരെയാണ് രണ്ടാമത്തേതിലേക്കു പരിഗണിക്കുക. അവസാനഘട്ടത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് തത്സമയ പ്രവേശനം നടത്തി ഒഴിവുള്ള സീറ്റ് നികത്തും. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെന്ററി അലോട്‌മെന്റുകൾക്കുശേഷം ജില്ലാന്തര സ്കൂൾ മാറ്റത്തിന് അവസരം നൽകും. ജൂലായ് 31-ന് ഈ വർഷത്തെ പ്രവേശന നടപടി അവസാനിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!