ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരണം 15 ആയി, 29 കുട്ടികൾ ചികിത്സയിൽ

ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം തീവ്രമാകുന്നു. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയിത്തന്നെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
വരുംദിവസങ്ങളിൽ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതൽ കേസുകൾ സ്ഥിരീകരിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിലുള്ള 29 കേസുകളിൽ 26 എണ്ണം ഗുജറാത്തിൽ നിന്നാണ്, രണ്ടുപേർ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്. പതിനഞ്ചുമരണങ്ങളിൽ പതിമൂന്നെണ്ണം ഗുജറാത്തിൽ നിന്നാണ്, ഓരോ മരണങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും. ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മെഹ്സാന, രാജ്കോട്ട്, അഹമ്മദാബാദ് സിറ്റി, മോർബി, പഞ്ച്മഹൽ തുടങ്ങിയ ഭാഗങ്ങളിലണ് രോഗവ്യാപനമുള്ളത്. കഴിഞ്ഞ പതിനാറുദിവസത്തിനിടെ മാത്രം പതിനഞ്ച് കുട്ടികളാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗം ബാധിച്ചവരായിത്തന്നെ പരിഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ നിർദേശം നൽകിയിട്ടുണ്ട്. ഈ രോഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു.
എന്താണ് ചാന്ദിപുര വൈറസ്?
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗം കൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.
പേരിനുപിന്നിൽ
ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ചാന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്.
ചികിത്സ
ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്. ആന്റിറെട്രോവൈറൽ തെറാപ്പിയോ, വാക്സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളിൽ രോഗം ഗുരുതരമാകുമെന്നതാണ് സങ്കീർണമാക്കുന്നത്.