പഴശ്ശി പദ്ധതിയുടെ ഓഡിറ്റോറിയം : ഇപ്പോൾ നഗരസഭയുടെ മാലിന്യ സൂക്ഷിപ്പുകേന്ദ്രം

ഇരിട്ടി : നിറയെ ഫാനുകൾ, പളപളാ മിന്നുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, ടൈൽ വിരിച്ച നിലം, കാഴ്ചയിൽ ശീതീകരിച്ച മുറിക്ക് സമാനമായ മിനി ഓഡിറ്റോറിയം. ഇതിനുള്ളിൽ വിശ്രമിക്കുന്ന വി.ഐ.പി. ആരെന്നറിയാമോ? ഇരിട്ടി നഗരസഭയുടെ അജൈവ മാലിന്യം. നഗരസഭയുടെ അജൈവ മാലിന്യം ‘സൂക്ഷിക്കുന്ന’ കേന്ദ്രമാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച പഴശ്ശി പദ്ധതിയുടെ മിനി ഓഡിറ്റോറിയം.
നിറയെ അജൈവ മാലിന്യം ചാക്കിൽ കെട്ടിനിറച്ച് അകത്ത് വിശ്രമിക്കുമ്പോൾ ഓഡിറ്റോറിയത്തിന് മുന്നിൽ എം.സി.എഫ്. എന്ന വലിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഈ മിനി ഓഡിറ്റോറിയത്തിന് ഒരു ചരിത്രമുണ്ട്. പദ്ധതിയുടെ പ്രതാപകാലത്ത് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം പങ്കെടുത്ത ചടങ്ങുകൾക്ക് സാക്ഷിയായ വേദിയാണ്. പഴശ്ശി ജലസേചന വിഭാഗം പഴയ ഓഡിറ്റേറിയം പൊളിച്ചുനീക്കി ലക്ഷങ്ങൾ മുടക്കി പുതിയ ഓഡിറ്റോറിയം നിർമിച്ചിട്ട് അധികം വർഷമൊന്നുമായില്ല.
പദ്ധതിപ്രദേശം വിനോദസഞ്ചാരത്തിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വിട്ടുകൊടുത്തപ്പോൾ ഓഡിറ്റോറിയം അവരുടെ നിയന്ത്രണത്തിലായി. വിനോദസഞ്ചാരകേന്ദ്രത്തിൽ പെറ്റ്‌ഷോ നടത്തിയിരുന്നവർ കുറച്ചുകാലം പട്ടികളെയും പൂച്ചകളെയും പാർപ്പിച്ചു.
ഇപ്പോൾ നഗരസഭയുടെ മാലിന്യം ശേഖരണ കേന്ദ്രമായത് പഴശ്ശി ജലസേചന വിഭാഗം അറിഞ്ഞിട്ടേയില്ല. ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമായി നിശ്ചിത കാലത്തേക്ക് ഓഡിറ്റോറിയം ഡി.ടി.പി.സിക്ക് കൈമാറിയെന്നാണ് ജലസേചന വിഭാഗം അധികൃതർ പറയുന്നത്.
നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യം തള്ളൽ കേന്ദ്രവും മിനി എം.സി.എഫും നിറഞ്ഞപ്പോൾ നഗരസഭയുടെ പരിധിയിൽ വരുന്ന പദ്ധതി പ്രദേശത്തെ ഓഡിറ്റോറിയമാണ് അവർ കണ്ടെത്തിയ വഴി. ഇതിനായി ഡി.ടി.പി.സി. സെക്രട്ടറിക്ക് കത്തുനൽകി ഏറ്റെടുത്തതാണെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നത്.
ഉപയോഗ്യശൂന്യമായ രീതിയിൽ കിടക്കുന്ന ഓഡിറ്റോറിയം മൂന്ന് മാസത്തേക്ക് മാലിന്യം സൂക്ഷിക്കാനുള്ള കേന്ദ്രമാക്കാനായി വിട്ടുനൽകിയെന്ന് ഡി.ടി.പി.സി. സെക്രട്ടറിയും സമ്മതിക്കുന്നു. ഹരിതകർമസേന നഗരപരിധിക്കുള്ളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഇനി പഴശ്ശിയുടെ ഈ മിനി ഓഡിറ്റേറിയത്തിൽ കിടക്കും.
ഓഡിറ്റോറിയത്തിനുള്ളിൽ മാലിന്യം കൂടിയതോടെ മേഖലയിയിൽ ദുർഗന്ധവും ഈച്ചശല്യവും മറ്റും വർധിച്ചതായുള്ള പരാതികളുമായി പരിസര വാസികളും രംഗത്തെത്തിയിട്ടുണ്ട്.