പലരുചികളിൽ കൃഷ്‌ണ ഫുഡ്‌സ്

കണ്ണൂർ : രുചിയുള്ള വിഭവങ്ങളുണ്ടാക്കുകയെന്നത് ചെറുപ്പം മുതൽ കൃഷ്‌ണക്ക് ഹരമായിരുന്നു. പതിവു പലഹാരങ്ങൾക്കപ്പുറം പാചകത്തിൽ പുതുപരീക്ഷണവും ആവേശമായിരുന്നു. വീട്ടുകാർക്കുമാത്രം ആസ്വദിക്കാൻ കഴിഞ്ഞ കൃഷ്‌ണയുടെ കൈപ്പുണ്യം കണ്ണൂർ നഗരവാസികളുടെ നാവിലെത്തിയത് കുടുംബശ്രീയിലൂടെയാണ്. പിന്നീട് കൃഷ്‌ണ ഫുഡ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന സംരംഭമായി വളർന്നു.
പതിനാലു വർഷംമുമ്പ് മേലെ ചൊവ്വ പാതിരിപ്പറമ്പിലെ വീടിനു സമീപത്തെ ശ്രീലക്ഷ്‌മി കുടുംബശ്രീ യൂണിറ്റിലെ അംഗമായതാണ് വഴിത്തിരിവ്. അംഗമായതിനുശേഷം കുടുംബശ്രീ കണ്ണൂർ നഗരത്തിൽ നടത്തിയ ആദ്യമേളയിൽ കൃഷ്‌ണ പലഹാരങ്ങളുമായെത്തി. കേക്കും റവ ലഡുവിനുമെല്ലാം ലഭിച്ച ‘മധുരം നിറഞ്ഞ’ പ്രതികരണങ്ങൾ കൂടുതൽ വിഭവങ്ങളുണ്ടാക്കാൻ പ്രേരണയായി. പത്തുവർഷംമുമ്പ് കൃഷ്‌ണ ഫുഡ്‌സ് എന്ന ബ്രാൻഡിൽ ഉൽപന്നങ്ങളുണ്ടാക്കി വിൽപ്പന തുടങ്ങി.
കേക്കിൽ പ്രകൃതിദത്ത രുചികളുടെ പരീക്ഷണമാണ്. പഴം, ക്യാരറ്റ്, ഈന്തപ്പഴം, ചക്ക, മാമ്പഴം തുടങ്ങിയ രുചികളെല്ലാം കേക്കിൽ നിറയും. ഈ രുചികളിൽ കപ്പ് കേക്കുകളും തയ്യാറാക്കാറുണ്ട്. ചെറുധാന്യങ്ങളുടെ ബിസ്‌കറ്റ്, മസാലക്കടല, ഉള്ളിയപ്പം, കണ്ണൂരപ്പം എന്നിവയ്‌ക്ക് പുറമേ ഇഞ്ചിയുടെയും പച്ചമാങ്ങയുടെയും രുചിയുള്ള സ്‌ക്വാഷുകളുമുണ്ട്. വീട്ടിലാണ് പലഹാര നിർമാണം. ഫോണിലൂടെയും നേരിട്ടും ഓർഡർ ചെയ്‌താൽ പലഹാരങ്ങൾ ലഭിക്കും. വർഷങ്ങളായി കുടുംബശ്രീ മേളകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. സ്വപ്രയത്നംകൊണ്ട് പാകംചെയ്‌തെടുത്തതാണ് ഈ വിജയഗാഥ. പി. രത്നാകരനാണ് കൃഷ്‌ണയുടെ ഭർത്താവ്. മക്കൾ: മായ, നിതിൻ. ഫോൺ: 9400527051