തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില ആറുപതിറ്റാണ്ടിന് ശേഷം പായം വില്ലേജിലെ ഒരു വീട്ടിൽനിന്ന് കിട്ടി.
പായം വില്ലേജ് ഓഫീസറായിരുന്ന ശ്രീധരനാണ് 1999-ൽ വില്ലേജിലെ ഒരു വീട്ടിൽ ശിലാഫലകം കണ്ടെത്തിയത്. പശുത്തൊഴുത്തിലായിരുന്നു ശിലാഫലകം. അന്നത്തെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്ത് ഉടമയിൽനിന്ന് ശിലാഫലകം വാങ്ങി. ആർ.ഡി.ഒ.യുടെ കാറിൽ തലശ്ശേരിയിൽ കൊണ്ടുവന്നു. ശിലാഫലകം ഇപ്പോൾ തലശ്ശേരിയിൽ കേരള റവന്യൂ റഫറൻസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 1924-ലെ വെള്ളപ്പൊക്കത്തിൽ പാലം തകർന്നതിനെക്കുറിച്ച് മലബാർ കളക്ടറായിരുന്ന സി.എ. ഇന്നീസിന്റെ മലബാർ ഗസറ്റിൽ പരാമർശമുണ്ട്. 1995 മുതൽ 2001 വരെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി തുടങ്ങിയത്. മഞ്ചേരിമുതൽ കാസർകോട് വരെയുള്ള താലൂക്ക് ഓഫീസുകളിലെ ചരിത്രരേഖകൾ പരിശോധിച്ചാണ് ലൈബ്രറിയിലേക്ക് രേഖകൾ കണ്ടെത്തിയത്. റവന്യു കമ്മിഷണറുടെ അനുമതിയോടെയാണ് ഇവ ശേഖരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ പരിശോധിച്ചപ്പോൾ പഴശ്ശിരാജയുടെ മരണം സംബന്ധിച്ച രേഖ 1980ൽ നശിപ്പിച്ചതായി കണ്ടെത്തി. ഡെത്ത് ഓഫ് പഴശ്ശിരാജ എന്ന ഫയലാണ് ആവശ്യമില്ലെന്ന് കരുതി നശിപ്പിച്ചവയുടെ കൂട്ടത്തിലുൾപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന നായനാർ മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി സ്ഥാപിച്ചത്. 1997-ൽ റവന്യൂ ഡിവിഷണൽ ഓഫീസ് റെക്കോർഡ് റൂമായി തുടങ്ങിയത്. പിന്നിട് ലൈബ്രറിയായി.
അപൂർവ പുസ്തകങ്ങളും കൈയെഴുത്തുകളും
2852 പുസ്തകങ്ങളും 237 കൈയെഴുത്തുകളും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കൾക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ മെഡലുകളും ഉൾപ്പെടെ നിരവധി അമൂല്യ രേഖകൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചരിത്രവിഷയത്തിൽ ഗവേഷണംനടത്തുന്നവരാണ് പ്രധാനമായി ലൈബ്രറിയിൽ എത്തുന്നത്.
അപൂർവവും വിലപ്പെട്ടതുമായ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള വടക്കൻ കേരളത്തിലെ ഏക റവന്യൂ റഫറൻസ് ലൈബ്രറിയാണിത്. മാഹി അഡ്മിനിസ്‌ട്രേറ്റർ മലബാർ കളക്ടർക്ക് അയച്ച കത്തുകൾ 1815, 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ, 1881-ലെ ആദ്യ സെൻസസ് മുതലുള്ള സെൻസസ് റിപ്പോർട്ട്, വില്യം ലോഗന്റെ മലബാർ മാന്വലിന്റെ ആദ്യപതിപ്പ്, തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കടുവശല്യം, കടുവകളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് എന്നിവ ലൈബ്രറിയിലെ അപൂർവ രേഖകളിൽ ചിലതാണ്.
ലൈബ്രറി സംരക്ഷിക്കാൻ നിരവധിതവണ മന്ത്രിമാർക്ക് ഉൾപ്പെടെ നിവേദനം നൽകിയതായി മുൻ ആർ.ഡി.ഒ. എ.സി. മാത്യു പറഞ്ഞു. ലൈബ്രറിയിൽ ലൈബ്രേറിയനെ നിയമിക്കാൻ പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒടുവിൽ നിയമിച്ചു. രേഖകൾ സംരക്ഷിക്കാൻ ഡിജിെറ്റെസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു.
ഡിജിെറ്റെസേഷൻ പദ്ധതി പരിഗണനയിൽ
ലൈബ്രറിയിലെ പുസ്തകങ്ങളും രേഖകളും ഡിജിെറ്റെസ് ചെയ്യാൻ 50 ലക്ഷം രൂപയുടെ പദ്ധതി ലാൻഡ് റവന്യൂ കമ്മിഷണറുടെ പരിഗണനയിലാണ്. സി-ഡിറ്റ് മുഖേനയാണ് പദ്ധതി തയ്യാറാക്കിയത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തി. മറ്റു പ്രവൃത്തികൾ നടത്താൻ ബാക്കിയാണ്. ഫർണിച്ചർ നവീകരിക്കാനും കംപ്യൂട്ടർവത്‌കരിക്കാനുമുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.