പമ്പ-സന്നിധാനം റോപ്‌വേക്ക് ഉടന്‍ അനുമതി

Share our post

ശബരിമല : പമ്പയിൽനിന്ന്‌ സന്നിധാനത്തേക്കുള്ള റോപ്‌വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവന്‍ പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടന്‍ ഉണ്ടാകും. പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റര്‍ വരുന്നതാണ് റോപ്‌വേ.

വരുന്ന മണ്ഡല, മകരവിളക്ക് തീർഥാടനകാല ഒരുക്കം ആലോചിക്കാന്‍ പമ്പയില്‍ വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പരാതി രഹിതമായ തീർഥാടന കാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നത്. മുൻകൂട്ടി തന്നെ അവലോകന യോഗങ്ങൾ തുടങ്ങി മുന്നൊരുക്കങ്ങൾ നടത്തും. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വകുപ്പ്‌ മേധാവികളുടെയും യോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കും. വാഹന പാർക്കിങ്ങിന് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. നിലവില്‍ എണ്ണായിരം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങുമായി ബന്ധപ്പെട്ട പരാതികളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രിയായി വി.എൻ. വാസവൻ ചുമതലയേറ്റ ശേഷം ആദ്യമായി തിങ്കളാഴ്ച വൈകിട്ട് പമ്പയിലും ചൊവ്വാഴ്ച സന്നിധാനത്തും എത്തി. തന്ത്രി മഹേഷ് മോഹനര്, മേല്‍ശാന്തി മഹേഷ് നമ്പൂതിരി എന്നിവരേയും മന്ത്രി സന്ദർശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!