റോഡ്, സ്ത്രീ സുരക്ഷക്ക് സര്‍ക്കാര്‍ നല്‍കിയ കോടികള്‍ പാഴാക്കി എം.വി.ഡി

റോഡ്സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചെക്‌പോസ്റ്റ് നവീകരണത്തിനും സ്ത്രീയാത്രികരുടെ സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ അനുവദിച്ച 26.78 കോടി രൂപ ചെലവിടാതെ മേട്ടോര്‍വാഹനവകുപ്പ് നഷ്ടപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതമാണ് ഉപയോഗിക്കാതിരുന്നത്. തുക നഷ്ടമായത് സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പും ധനവകുപ്പും പരസ്പരം പഴിചാരുകയാണ്.
To advertise here, Contact Us
ബജറ്റില്‍ പ്രഖ്യാപിച്ച 44 കോടി രൂപയില്‍ 37.34 കോടി രൂപ മോട്ടോര്‍വാഹനവകുപ്പിന് നല്‍കിയെന്നാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, യഥാസമയം തുക അനുവദിക്കാതിരുന്നതാണ് പദ്ധതി നടത്തിപ്പിന് തടസ്സമായതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
പദ്ധതിവിശദാംശങ്ങള്‍ നേരത്തേ സമര്‍പ്പിച്ചിട്ടും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തുക അനുവദിച്ചത്. ഒരുമാസത്തില്‍ത്താഴെ സമയമാണ് പദ്ധതിനടത്തിപ്പിന് ലഭിച്ചത്. ഇതിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുക സര്‍ക്കാര്‍ തിരിച്ചെടുത്തതായും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.
റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 5.90 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1.92 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ഏകോപനത്തിലെ പാളിച്ചകാരണം കഴിഞ്ഞവര്‍ഷം റോഡ് സുരക്ഷാ വാരാചരണവും കൃത്യമായി നടന്നിരുന്നില്ല.
ഇ-വാഹനങ്ങളുടെ പ്രചാരണത്തിന് സര്‍ക്കാര്‍ നല്‍കിയ 14.44 കോടി രൂപയില്‍ 7.91 കോടി രൂപ മാത്രമാണ് ചെലവിട്ടത്. മോട്ടോര്‍വാഹന ചെക്പോസ്റ്റുകളുടെ നവീകരണത്തിന് നല്‍കിയ അഞ്ചുകോടി രൂപയും പാഴായി. വാഹന പരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ നല്‍കിയ അഞ്ചുകോടി രൂപയും ഉപയോഗിച്ചില്ല.
കംപ്യൂട്ടറുകളും ഉപകരണങ്ങളും വാങ്ങാന്‍ നല്‍കിയ 2.50 കോടി രൂപയില്‍ 72 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്. സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി 2.58 കോടി രൂപ നല്‍കിയെങ്കിലും ഒരു രൂപപോലും വിനിയോഗിച്ചില്ല. പൊതുഗതാഗതമേഖലയുടെ ശാക്തീകരണത്തിന് അനുവദിച്ച 1.92 കോടി രൂപയും നഷ്ടമായി.