അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

Share our post

കൊച്ചി: അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ (95) അന്തരിച്ചു. ഓര്‍മക്കുറവും വാര്‍ധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു. ഭര്‍ത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോര്‍ത്ത് പറവൂര്‍ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ പിറന്ന് എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു. അമ്മ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് അച്ഛന്‍ നാട് വിട്ടുപോയെന്ന് കുളപ്പുള്ളി ലീല  പറഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ലീലയെ വളര്‍ത്തിയത്. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ‘എന്റെ ലീലയ്ക്ക് ഒരു പാവാട തരുമോ?’ എന്ന് ചോദിച്ച് അമ്മ വല്യമ്മയുടെ അടുത്ത് ചെല്ലും. നിങ്ങളൊക്കെ ഇരുമ്പ് കരിമ്പാക്കണ കൂട്ടരാണ്, നിങ്ങള്‍ക്കൊന്നും തന്നാല്‍ മൊതലാവില്യ!’ എന്നും പറഞ്ഞ് വെറുംകൈയോടെ അമ്മയെ മടക്കിഅയയ്ക്കും. പിന്നെയും പലരോടും. ചോദിച്ച് നടന്നു.

അമ്മയുടെ കൂട്ടുകാരി ദേവകി അവസ്ഥ കണ്ടറിഞ്ഞ് എനിക്ക് വേണ്ടുന്ന തുണിയൊക്കെ തന്നു. അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റംകൊണ്ടാണ്. ആരുടെയും എതിര്‍പ്പ് അമ്മ വകവെച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി. എനിക്ക് രണ്ട് ആണ്‍മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണന്‍. അവന് ഗുരുവായൂരില്‍ കൊണ്ടുപോയാണ് ചോറുകൊടുത്തത്. എന്തുപറയാനാ. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാള്‍ ജനിച്ചതിന്റെ എട്ടാംനാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും അല്ലാതെ എന്തുപറയാനാ? ഇപ്പോള്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിയാറില്ല. എനിക്ക് നാട്ടില്‍ കുറെ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെപ്പോലൊരു അമ്മയുണ്ട്- കൊളപ്പുള്ളി ലീലയുടെ വാക്കുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!