ഉളിക്കൽ തേർമല പുഴക്ക് പാലം വേണം

ഉളിക്കൽ : മഴ തുടങ്ങിയാൽപ്പിന്നെ തേർമലക്കാരുടെ യാത്രാദുരിതം കൂടും. തേർമല പുഴയിൽ വെള്ളമുയർന്നാൽ മുണ്ടാനൂർ ഭാഗത്തേക്ക് കടക്കാനാകില്ല. അഞ്ചുകിലോമീറ്റർ ചുറ്റിവളഞ്ഞുവേണം കോക്കാട് കവലയിലെത്തി മലയോരഹൈവേയെ ആശ്രയിക്കാൻ. തേർമല പുഴയുടെ അക്കരെയിലൂടെയാണ് പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേ കടന്നുപോകുന്നത്. തേർമല പുഴയിൽ മുണ്ടാനൂർ തോണിക്കടവിൽ പാലം വന്നാൽ നാട്ടുകാർക്ക് ഉപകാരപ്പെടും. തളിപ്പറമ്പിലേക്കും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വളരെ എളുപ്പമെത്താം. പാലം നിർമിക്കാൻ പലതവണ നിവേദനം നൽകി. പാലം നിർമാണത്തിന് മുന്നോടിയായി ഏഴുകോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ധനവകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പാലം വരുമെന്ന പ്രതീക്ഷയിൽ തേർമലയിൽനിന്ന് തോണിക്കടവ് വരെ 10 വർഷം മുൻപ് നാട്ടുകാർ അനുബന്ധ റോഡ് നിർമിച്ചിരുന്നു. ഇവിടെ വർഷങ്ങളോളം കടത്തുതോണിയുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ആഴക്കൂടുതലുള്ള പുഴയിൽ അപകടസാധ്യത കൂടിയതോടെ തോണിസർവീസ് നിർത്തിവെച്ചു.