തളിപ്പറമ്പ്(കണ്ണൂർ): വിദേശരാജ്യങ്ങളുമായി ഉത്തരമലബാറിൽ ഒരുനൂറ്റാണ്ട് മുൻപ് നടന്നുവന്നിരുന്ന വ്യാപാരബന്ധവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശവും സൂചിപ്പിക്കുന്ന തെളിവുകൾ മഴൂർ ധർമിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ.
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധമുള്ള ബലഭദ്രസ്വാമി ക്ഷേത്രത്തിന് സമീപം തകർന്നുകിടക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച് പഠനം നടത്താനെത്തിയ സംഘമാണ് പുതിയ ആണികളുറപ്പിക്കാനായി വാഷറായി ഉപയോഗിച്ച യൂറോപ്യൻ നാണയങ്ങൾ കണ്ടെത്തിയത്.
കേരള സർവകലാശാല പുരാവസ്തു പഠനവകുപ്പ് സ്ഥാപക മേധാവിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ പുരാവസ്തു ഗവേഷകനുമായ ഡോ. അജിത്ത് കുമാർ, ചരിത്രഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മഴൂർ സന്ദർശിച്ചത്.
ചെമ്പ് പാകിയത് 150 വർഷം മുൻപ്
വർഷം മുൻപ് ക്ഷേത്രം നവീകരിച്ചപ്പോൾ മാറ്റിയ കഴുക്കോലിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഡോ. നന്ദകുമാർ കോറോത്ത് മരത്തടിയിൽ കാണപ്പെട്ട ആണികൾ പരിശോധിച്ചു. ശ്രീകോവിലിലെ കൂടവുമായി ബന്ധിപ്പിച്ച കഴുക്കോലുകളുടെ അറ്റത്ത് വാമാട ഉറപ്പിക്കാനായി ഉപയോഗിച്ച ആണികളുടെ വാഷർ ശ്രദ്ധയിൽപ്പെട്ടു. ചെമ്പ് തകിടുകൾക്ക് പകരം അവ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞു.
ഏതാണ്ട് 150 വർഷം മുൻപാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുപാകിയത് എന്നതിന് തെളിവാണ് കണ്ടെത്തിയ നാണയങ്ങൾ.
ഒരണ നാണയവും ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങളും
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1818-ൽ ഇറക്കിയ ഒരണനാണയങ്ങൾ, ക്വീൻ വിക്ടോറിയ എന്ന് മുദ്രണംചെയ്ത 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങൾ എന്നിവ കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം 1858-ൽ അവസാനിക്കുന്നതുവരെ നാണയങ്ങളിൽ ക്വീൻ വിക്ടോറിയ എന്നും അതിനുശേഷം എംപ്രസ്സ് വിക്ടോറിയ എന്നുമാണ് മുദ്രണം ചെയ്തിരുന്നത്.
കമ്പനിഭരണം അവസാനിച്ചതോടെ മൂല്യശോഷണം വന്ന നാണയങ്ങൾക്ക് മധ്യഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് ഇരുമ്പാണികളുടെ വാഷറായി ഉപയോഗിച്ചത്. ഇരുമ്പ് വാഷറുകൾ വളരെ വേഗം തുരുമ്പിച്ച് പോകുന്നതുകൊണ്ടും ചെമ്പുഷീറ്റുകൾക്ക് കേടുപാടുകൾ പറ്റാതിരിക്കാനുമാണിത്.
വാഷറുകൾ ദ്രവിച്ചാൽ മഴവെള്ളം ശ്രീകോവിലിലേക്ക് ഇറങ്ങുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ചെമ്പ് നാണയങ്ങൾ ഉപയോഗിച്ചത്.
വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് നമസ്കാരമണ്ഡപം പുനർനിർമാണത്തിനിടെ മലേഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ നാണയങ്ങൾ ലഭിച്ചിരുന്നു. ചെറുവത്തൂർ പാറമ്മൽ ദുർഗാഭഗവതിക്ഷേത്ര പുനർനിർമാണത്തിനിടെയും യൂറോപ്യൻ നാണയങ്ങൾ ലഭിച്ചിരുന്നു.