ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ.യോട് കയർത്ത് യാത്രക്കാരൻ; കത്രിക കാണിച്ച് ഭീഷണി

കണ്ണൂർ: ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂർ-യശ്വന്ത്പുർ എക്‌സപ്രസിൽ (16528) ആണ് സംഭവം. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വണ്ടിയിലെ റിസർവ് കോച്ചിൽ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച പരിശോധകൻ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ ആദ്യം ടിക്കറ്റ് കാണിക്കാതെ കയർത്തു സംസാരിച്ചു. പിന്നീട് സീറ്റിൽനിന്ന് എഴുന്നേറ്റു. ശൗചാലയത്തിന്റെ അരികിലെത്തിയ യാത്രക്കാരൻ ബാഗിൽ നിന്ന് കത്രിക എടുക്കുകയായിരുന്നു. വണ്ടി അപ്പോൾ തലശ്ശേരിയിൽ എത്തിയിരുന്നു. പോലീസ് എത്തും മുമ്പ് യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരൻ സംസാരിച്ചതെന്ന് ടി.ടി.ഇ. മുസ്തഫ പറഞ്ഞു.