കാട്ടിൽ കടന്നൽക്കുത്തേറ്റു മരിച്ചാൽ പത്ത് ലക്ഷം നഷ്ടപരിഹാരം, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ഒരു ലക്ഷം

Share our post

കോട്ടയം: കടന്നൽ, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാൽ അവകാശികൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകും. വനത്തിനുള്ളിൽവെച്ചുള്ള ആക്രമണത്തിലാണ് മരണമെങ്കിൽ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷവും ലഭിക്കും. കഴിഞ്ഞ വർഷംവരെ വന്യജീവി ആക്രമണപട്ടികയിൽ കടന്നൽ, തേനീച്ച ആക്രമണം ഉൾപ്പെടുത്തിയിരുന്നില്ല.

ചികിത്സാസഹായവും നഷ്ടപരിഹാരവും

* വനത്തിനുള്ളിൽവെച്ച് പാമ്പുകടിയേറ്റ്‌ മരിച്ചാൽ അവകാശികൾക്ക്‌ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ. വനത്തിനു പുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷം.

* ആന, കാട്ടുപോത്ത്‌, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ വനത്തിനുള്ളിലും പുറത്തുംവെച്ച്     മരിച്ചാൽ അവകാശികൾക്ക്‌ പത്തുലക്ഷം രൂപ.

* വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ.   പട്ടികവർഗക്കാർക്ക് മുഴുവൻ ചികിത്സച്ചെലവും അനുവദിക്കും.

* വന്യമൃഗ ആക്രമണത്തിൽ അംഗവൈകല്യം സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെ സഹായം.

* വീടുകൾ, കുടിലുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്കുനേരേയുള്ള വന്യജീവി ആക്രമണങ്ങൾക്ക് പരമാവധി   ഒരു ലക്ഷം രൂപവരെ.

അർഹതയില്ലാത്തവർ

വന്യജീവി ആക്രമണത്തിൽ മരിക്കുന്നയാൾ വന്യജീവി സംരക്ഷണനിയമം 1972, കേരള വനനിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുകയോ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ല. സ്ഥിരം കുറ്റവാളിയല്ലെങ്കിൽ, വനം കുറ്റകൃത്യത്തിനിടയിലല്ലാതെയുള്ള വന്യജീവി ആക്രമണങ്ങളിൽ തുക കിട്ടും.

അപേക്ഷ

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ആറുമാസത്തിനുള്ളിലും മരിച്ചാൽ ഒരു വർഷത്തിനുള്ളിലും അപേക്ഷിക്കണം. ഇ-ഡിസ്ട്രിക്ട് മുഖേന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അക്ഷയ സെന്റർ വഴിയും അപേക്ഷിക്കാം. ആശുപത്രി ബിൽ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.

മരണമുണ്ടായാൽ വനം റെയിഞ്ച് ഓഫീസറുടെ ശുപാർശ ലഭിച്ച് 15 ദിവസത്തിനകം തുടരന്വേഷണം നടത്തണം. വില്ലേജ് ഓഫീസർ നൽകുന്ന ബന്ധുത്വം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ 50 ശതമാനം തുകയും അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏഴുദിവസത്തിനകം ബാക്കി തുകയും നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!