വെള്ളക്കെട്ട്: മുഴപ്പിലങ്ങാട് അടിപ്പാത അടച്ചു

മുഴപ്പിലങ്ങാട്∙ വെള്ളക്കെട്ട് കാരണം അടിപ്പാത അടച്ചു. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനു സമീപമാണ് അടിപ്പാത അടച്ചത്. മഴ തുടങ്ങിയതോടെ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരു ഭാഗങ്ങളിലുള്ള സർവീസ് റോഡ് ഉയർന്നതും അടിപ്പാതയുടെ തറ താഴ്ന്നതുമാണ് കാരണം. ഇരുചക്രവാഹനങ്ങൾ മറിയുന്നതും കാൽനട യാത്രക്കാർ തെന്നി വീഴുന്നതും പതിവായപ്പോൾ നേരത്തെയും അധികൃതർ അടിപ്പാത അടച്ചിരുന്നു. എങ്കിലും വെള്ളക്കെട്ടിന് അൽപശമനം ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ കടന്നുപോയിരുന്നു. മഴ കനക്കുമ്പോൾ ഒരു വാഹനത്തിനും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതു കാരണം മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രം റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ മഠം സ്റ്റോപ്പിന് സമീപത്തെ അടിപ്പാതയിലേക്ക് പോകണം. എടക്കാട് റെയിൽവേ സ്റ്റേഷൻ ഗുഡ്സ് ഷെഡിൽ നിന്ന് ധാന്യങ്ങളുമായി വരുന്ന ലോറികൾ ഈ അടിപ്പാത വഴിയായിരുന്നു ഗോഡൗണിലേക്ക് പോയിരുന്നത്. ഇപ്പോൾ ലോറികൾക്ക് ചുറ്റി വരേണ്ട അവസ്ഥയാണ്. യാത്രാ ക്ലേശം ഒഴിവാക്കാൻ നിർമിച്ച അടിപ്പാത മഴക്കാലം കഴിയുന്നത് വരെ അടച്ചിടേണ്ട അവസ്ഥയിലാണ്.