വയനാട്: അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ പോത്തുകെട്ടിക്കടുത്താണ് ചീനിക്കമൂല ഗുഹ. അധികമാരുടെയും ശ്രദ്ധപതിയാത്ത ഇവിടം ടൂറിസം കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെറുതേ പറയുകയല്ല. പലതവണ ഈ മലമുകളിലേക്ക് യാത്രചെയ്തവരുടെ സാക്ഷ്യമാണത്. ഗുഹയ്ക്കകത്തുകൂടി മുകളിലേക്കു കയറി മലമുകളിലെത്തിയാൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാം.വാഹനം നിര്‍ത്തിയിട്ട് അധികമൊന്നും നടന്നുകയറാനില്ല. പ്രദേശവാസികളായ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചേര്‍ന്ന് മലകയറിയിറങ്ങിയശേഷം സഞ്ചാരികളെ സ്വാഗതംചെയ്യുകയാണിപ്പോള്‍. സാമൂഹികമാധ്യമങ്ങളില്‍ ഗുഹയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അതിഥികള്‍ വന്നുതുടങ്ങിയിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം മലകയറാന്‍ സമീപവാസികളായ ഒരുസംഘമാളുകള്‍ തയ്യാറാണ്. സാഹസികത ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകള്‍ ചീനിക്കമൂലയിലുണ്ട്. പക്ഷേ, അധികൃതര്‍ ഔദ്യോഗികമായിത്തന്നെ സൗകര്യങ്ങളൊരുക്കണമെന്നാണ് ആവശ്യം.
വഴിവെട്ടിയത് നാട്ടുകാര്‍
അമ്പലവയലില്‍ നിന്ന് ട്രൈബല്‍ ഹോസ്റ്റല്‍വഴി പോത്തുകെട്ടിക്കുള്ള പാതയോരത്താണ് ചീനിക്കമൂല ഗുഹ. അധികമാരും ശ്രദ്ധിക്കാതിരുന്നയിടം ഈയടുത്ത് പ്രദേശവാസികളാണ് വെട്ടിത്തെളിച്ചത്. വവ്വാലുകള്‍ നിറഞ്ഞ ഗുഹയുടെ ഉള്‍വശത്തേക്കു കയറാന്‍ പറ്റുന്ന തരത്തിലാക്കി ആദ്യം. പിന്നെ കയറാനുള്ള പാതയൊരുക്കി. കാടുകള്‍ വെട്ടിത്തെളിച്ച് മുകളിലേക്കെത്താന്‍ വഴിയുണ്ടാക്കി. പാറയിലൂടെ നടന്നുകയറാന്‍ പ്രയാസമുള്ളിടത്ത് കയറുകൊണ്ട് പിടിവള്ളിയൊരുക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമ്പതുപേരടങ്ങുന്ന സംഘം മൂന്നുതവണ മലകയറി.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാതയോരത്ത് ചീനിക്കമൂല ഗുഹ എന്നെഴുതിയ ബോര്‍ഡും സ്ഥാപിച്ചു. ചീങ്ങേരിമല, എടക്കല്‍കേവ്, ഫാന്റംറോക്ക് എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് ചീനിക്കമൂല വേറിട്ടൊരു അനുഭവമാകുമെന്ന് പ്രദേശവാസിയായ പി.വൈ. കുഞ്ഞുമോന്‍ പറയുന്നു. മലകയറിയിറങ്ങിയാല്‍ പാതയുടെ എതിര്‍വശത്ത് ചെറിയൊരു വെള്ളച്ചാട്ടമുണ്ട്. അവിടെ ഒരു കുളിയും കഴിഞ്ഞ് യാത്രതുടരാം.
മനംമയങ്ങുംകാഴ്ചകള്‍
ഗുഹയിലൂടെ ഒരുസമയം ഒരാള്‍ക്ക് കഷ്ടിച്ച് ചെരിഞ്ഞുകയറാം. മലമുകളിലെത്തിയാല്‍ ഒരുവശത്ത് ചീങ്ങേരിമല, അകലെ കാരാപ്പുഴ അണക്കെട്ടിന്റെയും മണിക്കുന്ന് മലയുടെയും ദൃശ്യം. മറുഭാഗത്ത് ഫാന്റംറോക്ക്. അഗ്രഭാഗത്ത് സ്വസ്ഥമായി ഇരിക്കാന്‍ ഇടമുണ്ട്. ഇപ്പോള്‍ വീഴുമെന്നു തോന്നിക്കുന്ന പാറക്കൂട്ടങ്ങളാണ് മറ്റൊരു കാഴ്ച. മുകളിലേക്കു കയറിയതിന്റെ വലതുവശത്തുകൂടി തിരിച്ചിറങ്ങാം. ചീനിക്കമൂല മലയുടെ സമീപത്ത് ചെറിയ രണ്ടു ഗുഹകള്‍ വേറെയുമുണ്ട്. ഇവിടേക്കുള്ള പാത വീതികൂട്ടി നിര്‍മിക്കുകയും അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയും ചെയ്താല്‍ കൂടുതല്‍പ്പേരെത്തുമെന്ന് പൊതുപ്രവര്‍ത്തകനായ പി.പി. ജോസ് പറഞ്ഞു.