‘വിദ്യാർഥികൾ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കട്ടെ’; കലാമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഇനി മാംസാഹാരവും വിളമ്പും

Share our post

തൃശ്ശൂർ: ഇനിമുതൽ കേരള കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ കലാമണ്ഡലത്തിൽ നടപ്പിലാക്കിത്തുടങ്ങിയത്. വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം കഴിക്കുന്നതിന് നിരോധനം നേരത്തെയും ഉണ്ടായിരുന്നില്ല. കുട്ടികൾക്കും ഓൺലൈൻവഴി ഓർഡർചെയ്ത് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സസ്യാഹാരം കഴിക്കുന്ന 480 വിദ്യാർഥികളിൽ 450 പേരും മാംസാഹാരമാണ് സ്വീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഇത്തരത്തിൽ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ അടുക്കളയിൽ മാംസാഹാരം പാചകം ചെയ്യാനുള്ള സംവിധാനം ഇല്ല. എല്ലാദിവസവും മാംസാഹാരം കൊടുക്കണമെന്നല്ല, കുട്ടികളുടെ ആവശ്യമനുസരിച്ച് വല്ലപ്പോഴും മാംസാഹാരം കൊടുക്കാനുള്ള സാഹചര്യമാണ് ആലോചിക്കുന്നതെന്നും രജിസ്ട്രാർ കൂട്ടിച്ചേർത്തു. ഉഴിച്ചിലിന് വിധേയരാകുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പിന്നീട് തീരുമാനിക്കാമെന്നും അതിന്റെ പേരിൽ വിദ്യാർഥികളെ മാറ്റിനിർത്തുന്നതിൽ ന്യായമില്ലെന്നും രജിസ്ട്രാർ പറഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നില്ലെന്ന് കാലങ്ങളായി വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1930-ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതൽ സസ്യാഹാരമായിരുന്നു ക്യാന്റീനിൽ വിളമ്പിയിരുന്നത്. ഇതിനാണ് ഇപ്പോൾ വിദ്യാർഥികളുടെ ആവശ്യപ്രകാരം മാറ്റംവരുത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!