ആദായ നികുതി റീഫണ്ട്: അനുവദിച്ചോയെന്ന് എങ്ങനെ അറിയാം?

മുന്‍ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ജൂലായ് 31 ആണ്. നേരത്തെ റിട്ടേണ്‍ നല്‍കിയാല്‍ റീഫണ്ട് വേഗം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം റിട്ടേണ്‍ നല്‍കിയവര്‍ക്ക് റീ ഫണ്ട് ലഭിച്ചോയെന്ന് പരിശോധിക്കാന്‍ കഴിയും. ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടല്‍ വഴിതന്നെയാണ് റീഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുക. ആദ്യം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.ഇ-ഫയല്‍ ടാബിന് കീഴില്‍ ‘ വ്യു ഫയല്‍ഡ് റിട്ടേണ്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ വ്യു ഡീറ്റെയില്‍സ്’ ക്ലിക്ക് ചെയ്യുക. റീഫണ്ട് തന്നിട്ടുണ്ടെങ്കില്‍ പണം നല്‍കിയ രീതി, തുക, തിയതി എന്നിവ കാണിച്ചിട്ടുണ്ടാകും. നികുതി ബാധ്യതയുണ്ടെങ്കില്‍ അതുകൂടി ക്രമീകരിച്ചശേഷമായിരിക്കും റീഫണ്ട് അനുവദിച്ചിട്ടുണ്ടാകുക.
അങ്ങനെയെങ്കില്‍, ഭാഗികമായി റീഫണ്ട് അനുവദിച്ചുവെന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. റീഫണ്ടായി അവകാശപ്പെട്ട മുഴുവന്‍ തുകയും നികുതി കുടിശ്ശികയുമായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയും ക്രമീകരിച്ചു-എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. റീഫണ്ട് നിരസിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ബാങ്ക് അക്കൗണ്ട് ‘പ്രീ വാലിഡേറ്റഡ്’ അല്ലെങ്കില്‍ റീ ഫണ്ട് ലഭിക്കില്ല. അങ്ങനെയെങ്കില്‍ എത്രയും വേഗം അത് പൂര്‍ത്തിയാക്കാം. ബാങ്ക് അക്കൗണ്ടിലെ പേര്, പാന്‍ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ റീഫണ്ട് ലഭിച്ചേക്കില്ല. മറ്റ് വിവരങ്ങള്‍ തെറ്റായി നല്‍കിയാലും റീഫണ്ട് ലഭിക്കാന്‍ സാധ്യതകുറവാണ്. വിവരങ്ങള്‍ വീണ്ടും നല്‍കിയാല്‍പോലും റീഫണ്ടിന് കാലതാമസം നേരിട്ടേക്കാം.