ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസും എൽ.എച്ച്.ബി കോച്ചിലേക്ക്

കൊല്ലം: ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലും (12677/12678) എൽ.എച്.ബി കോച്ചുകൾ ഏർപ്പെടുത്തുന്നു. നിലവിൽ ഐ.സി.എഫ് കോച്ചുകളാണ് ഈ വണ്ടിയിൽ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 14 എൽ.എച്ച്ബി കോച്ചുകൾ ഇന്റർസിറ്റിക്കായി അനുവദിച്ച് കഴിഞ്ഞു. അടുത്ത മാസംമുതൽ ഈ ട്രെയിൻ എൽ.എച്.ബി കോച്ചുകളിലേയ്ക്ക് മാറുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ 300-ൽ അധികം സീറ്റുകളുടെ വർധന ഉണ്ടാകും. ബംഗളൂരുവിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാവിലെ 9.10 ന് യാത്ര തിരിക്കുന്ന ഇന്റർസിറ്റി രാത്രി 7.50 ന് ബംഗളുരുവിൽ എത്തും. കോച്ചുകൾ എൽ.എച്.ബി ആക്കുമെന്നല്ലാതെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.