സ്കോളർഷിപ്പ്‌ തുക കുടിശ്ശിക തീർക്കാൻ പ്രത്യേക പോർട്ടൽ; എന്നിട്ടും വിവരശേഖരണം പാളുന്നു

Share our post

കോട്ടയം:വിദ്യാർഥികൾക്കുള്ള എൽ.എസ്‌.എസ്‌.-യു.എസ്‌.എസ്‌. സ്കോളർഷിപ്പ്‌ തുക കുടിശ്ശിക തീർക്കാൻ സർക്കാർ പ്രത്യേക പോർട്ടൽ തുടങ്ങിയിട്ടും വിവരശേഖരണം പാളുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ 40 കോടിരൂപയോളമാണ് കുടിശ്ശികയായിട്ടുള്ളത്. വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക നൽകാൻ പ്രഥമാധ്യാപകർ അക്കൗണ്ട് വിവരങ്ങളും ഐ.എഫ്‌.എസ്‌.സി. കോഡും ആധാർ നമ്പറും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. എന്നാൽ, സ്കൂളുകളിൽനിന്ന്‌ അപ്‌ലോഡ്‌ ചെയ്യുന്ന വിവരങ്ങളിൽ വ്യാപകമായ തെറ്റുകളുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ പറയുന്നത്. നാലാംക്ലാസുകാർക്കുള്ള എൽ.എസ്.എസ്. പരീക്ഷാവിജയികൾക്ക് മൂന്നുവർഷം ആയിരംരൂപ വീതവും ഏഴിലെ യു.എസ്.എസ്. നേടിയവർക്ക് മൂന്നുവർഷം 1500 രൂപ വീതവുമാണ് സ്കോളർഷിപ്പ് ലഭിക്കുക. നാലിലും ഏഴിലും പഠനം പൂർത്തിയാക്കി സ്കൂൾ മാറിപ്പോയവരുടെ കൃത്യമായ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ പല സ്കൂളുകളിലുമില്ല. ജൂലായ്‌ 17-നുമുൻപ് വിവരങ്ങൾ സമർപ്പിക്കണമെന്നാണ്‌ സ്കൂളുകൾക്കുള്ള നിർദേശം. നിലവിലെ സാഹചര്യത്തിൽ വിവരങ്ങൾ ചേർക്കാൻ ഇനിയും സമയമെടുക്കുമെന്ന്‌ ജീവനക്കാർ പറയുന്നു. ഇത്തവണ വിജയശതമാനവും കുറവായിരുന്നു. 21,414 കുട്ടികൾ എൽ.എസ്‌.എസ്‌. സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം- 20.08. യു.എസ്.എസിന് 7420 കുട്ടികൾ അർഹരായി. വിജയശതമാനം- 7.79.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!