ഭാഷ ഏതുമാകട്ടെ, ‘അഡ്വൈസ’ ഉത്തരം തരും

കൊച്ചി : ഏതുഭാഷയിൽ ചോദിച്ചാലും അതേ ഭാഷയിൽ വിവരങ്ങൾ പറഞ്ഞുതരുന്ന ‘അഡ്വൈസ’യെന്ന സുന്ദരി. ഈ എ.ഐ അവതാറിന്റെ ജനനം ഉദയ്ശങ്കർ അച്ഛമ്മയ്‌ക്ക് ചെയ്‌ത ഫോൺകോളിൽ നിന്ന്. എറണാകുളം വൈറ്റില സ്വദേശി ഉദയ് പാലക്കാടുള്ള അച്ഛമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. തിരക്കുകാരണം ഫോണിൽ കിട്ടാതിരുന്ന അച്ഛമ്മയെ നിർമിതബുദ്ധികൊണ്ട് പുനഃസൃഷ്ടിച്ച് സംസാരിക്കാമെന്ന് ഉദയ് തീരുമാനിച്ചു. ‘അഡ്വൈസ’ എന്ന മൾട്ടി ടോക്ക് അവതാർ എ.ഐ സ്യൂട്ടിന്റെ പിറവിയിലേക്ക് കാര്യങ്ങൾ എത്തിയത് ഇങ്ങനെ.
കിയോസ്‌ക്കിന്റെ രൂപത്തിലും മൊബൈൽ ആപ്പായും അഡ്വൈസയെ ഉപയോഗിക്കാം. ഇതുപയോഗിച്ച് ഗൂഗിൾ ട്രാൻസ്ലേറ്റ് പിന്തുണയ്‌ക്കുന്ന ഏതു ഭാഷയിലും സംസാരിക്കാം. വിമാനത്താവളങ്ങൾ, മെട്രോ സ്‌റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾപോലുള്ള പൊതുസ്ഥലങ്ങളിലാണ് അഡ്വൈസ ഏറ്റവും ഗുണകരമെന്ന് ഉദയ് പറഞ്ഞു. ഉദയിന്റെ സംരംഭങ്ങളുടെ തുടക്കം ‘ഉറവ്’ അഡ്വാൻസ്ഡ് ലേണിങ് സിസ്റ്റംസ് എന്ന സ്റ്റാർട്ടപ്പിലൂടെയാണ്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ‘ഭാഷിണി’ ആപ്പിന് ഇന്ത്യ പേറ്റന്റും ലഭിച്ചു. എട്ടാംക്ലാസിൽ പരമ്പരാഗത സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിച്ച ഉദയ്, ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ വീട്ടിലിരുന്നാണ് ഈ എ.ഐ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഉദയിന്റെ സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15 ആപ്പുകളാണ് ഇതിനകം നിർമിച്ചിട്ടുള്ളത്. ഡോ. രവികുമാർ വിജയന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ്.