പാതിരാത്രി കാറിൻ്റെ ടയർ പൊട്ടി വഴിയിലകപ്പെട്ട കുടുംബത്തിന് താങ്ങായി പേരാവൂർ പോലീസ്

പേരാവൂർ: പാതിരാത്രി കാറിൻ്റെ ടയർ കേടായി വഴിയിലകപ്പെട്ട കുടുംബത്തിന് സഹായവുമായി പേരാവൂർ പോലീസ്. കാസർഗോഡ് ഉദുമയിൽ നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന കാർ കേളകം മഞ്ഞളാംപുറത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് ടയർ കേടായി വഴിയിലകപ്പെട്ടത്. ഇതു വഴി വന്ന വാഹനങ്ങൾക്ക് കാറിലുണ്ടായിരുന്നവർ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. സ്ത്രീകളും പിഞ്ചുകുട്ടികളുമടങ്ങുന്നവരാണ് കാറിലുണ്ടായിരുന്നത്. ഈ സമയം ഇതുവഴി വന്ന പേരാവൂർ സ്റ്റേഷനിലെ പോലീസ്, റോഡരികിൽ ലൈറ്റിട്ട് നിർത്തിയിട്ട കാർ കാണുകയും വിവരമന്വേഷിക്കുകയുമായിരുന്നു. കാർ ഓടിച്ചയാൾക്ക് ടയർ മാറ്റിയിടാൻ വശമില്ലെന്ന് അറിഞ്ഞതോടെ പോലീസ് തന്നെ ടയർ മാറ്റിയിട്ടു.
സബ് ഡിവിഷൻ കീഴിൽ രാത്രികാല പരിശോധനക്കിറങ്ങിയ പേരാവൂർ സ്റ്റേഷനിലെ എസ്.ഐ അബ്ദുൾ നാസറും പോലീസ് ഡ്രൈവർ ടി. ഷഫീറും ചേർന്നാണ് ടയർ മാറ്റിയിട്ട് കുടുംബത്തിൻ്റെ തുടർ യാത്രക്ക് സഹായം ചെയ്തത്.