നീറ്റിൽ പുകഞ്ഞ് വിദേശപഠനം തേടുന്ന വിദ്യാർഥികളും

Share our post

ന്യൂഡൽഹി: ചോദ്യച്ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്തണമോയെന്നതടക്കം സുപ്രീംകോടതി പരിശോധിക്കുന്ന സാഹചര്യത്തിൽ വിദേശപഠനം തേടുന്ന വിദ്യാർഥികളും ആശയക്കുഴപ്പത്തിൽ. നിലവിലെ മാർക്കിൽ ഇന്ത്യയിൽ പ്രവേശനം കിട്ടുമോയെന്ന് സംശയമുള്ളവരും വീണ്ടും നീറ്റ് നടത്തിയാൽ ജയിക്കാമെന്ന് കരുതുന്നവരുമായ വിദ്യാർഥികളാണ് തീരുമാനമെടുക്കാനാകാതെ വലയുന്നത്. വിദേശ സർവകലാശാലകളിൽ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങുമെന്ന അറിയിപ്പും പല വിദേശ സർവകലാശാലകളും നൽകിയിട്ടുണ്ട്. വീണ്ടും പരീക്ഷ നടന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട സ്കോർ നേടാനാവുമെന്ന് കരുതുന്നവരാണ് പലരുമെന്ന് വിദേശങ്ങളിലേക്ക് വിദ്യാർഥികളെ അയക്കുന്ന ഏജൻസി ഉടമ കണ്ണൂർ സ്വദേശി എം. വിനോദ് കുമാർ പറഞ്ഞു.

മെഡിക്കൽ കൗൺസലിങ് അടുത്തയാഴ്ച തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി അനുമതിവേണം. കൗൺസലിങ് വേഗത്തിൽ തുടങ്ങിയാൽ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവർക്കും സഹായകരമാകും.

സർക്കാർ-സ്വാശ്രയ-സ്വകാര്യ മെഡിക്കൽ കോളേജുകളിലായി ഒരു ലക്ഷം സീറ്റിലേക്കാണ് ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം നടക്കുന്നത്. ഏതാണ്ട് ഇത്രതന്നെ ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ മെഡിക്കൽ ബിരുദത്തിന് പ്രവേശനം നേടുന്നതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർഥികൾ വിദേശങ്ങളിലേക്ക് ചേക്കേറുന്നുവെന്നതിനെക്കുറിച്ച് 2022-ൽ വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ നൽകിയ മറുപടിയിൽ വിദേശത്തുള്ളത് 12 ലക്ഷം വിദ്യാർഥികളാണ്. ഇതിൽ എത്രമെഡിക്കൽ വിദ്യാർഥികളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.

വിദ്യാർഥികളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി

നീറ്റ് സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ നേരിട്ട് കേട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വ്യാഴാഴ്ച കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. സി.ബി.ഐ.അന്വേഷണം ഉൾപ്പെടെ സുതാര്യമായാണ് പുരോഗമിക്കുന്നതെന്നും സർക്കാരിൽ വിശ്വാസം അർപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ വിദ്യാർഥികളോടാവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!