ക്രെഡിറ്റ് കാർഡിനു സമാനമായി യു.പി.ഐ.യിൽ പുതിയൊരു സംവിധാനംകൂടി വരുന്നു

Share our post

മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) തയ്യാറെടുക്കുകയാണ്. വരുന്ന ആഴ്ചകളിൽ ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കും. അതേസമയം, ബാങ്കുകൾക്ക് ഇതു നടപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സേവനം വിപണിയിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.

ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ബാങ്കുനൽകുന്ന തത്സമയവായ്പാ സംവിധാനത്തിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാർഡ് മാതൃകയിൽ നിശ്ചിതകാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. ഈ കാലയളവിൽ പലിശയുണ്ടാകില്ല. നിർദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാൽ മതി. തിരിച്ചടവു വൈകിയാൽ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കുമിതെന്നാണ് സൂചന. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസിനത്തിൽ ചെറിയതുക വരുമാനമായി ലഭിക്കും. ഇക്കാര്യത്തിൽ എൻ.പി.സി.ഐ. ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വ്യാപാരികൾക്കുള്ള ഇടപാടുകൾ മാത്രമായിരിക്കും ഇതിൽ സാധ്യമാകുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല.

ബാങ്കുകൾക്കു നേട്ടമാകും

നിലവിൽ യു.പി.ഐ. സേവനങ്ങൾക്ക് ബാങ്കുകൾക്കും തേർഡ് പാർട്ടി ആപ്പുകൾക്കും വരുമാനമൊന്നും ലഭിക്കുന്നില്ല. ക്രെഡിറ്റ് ലൈൻ നടപ്പാകുന്നതോടെ വ്യാപാരികളിൽനിന്ന് നിശ്ചിതതുക കമ്മിഷനായി ലഭിച്ചുതുടങ്ങും. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികൾക്കും ചെറിയതുക ഫീസിനത്തിൽ ലഭിക്കും. ക്രെഡിറ്റ് ലൈൻവായ്പ തിരിച്ചടയ്ക്കുന്നതു വൈകിയാൽ ക്രെഡിറ്റ് കാർഡുകളിലേതുപോലെ പലിശയും ലഭിക്കും. ഉപഭോക്താവിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാകും എത്രരൂപയുടെ ക്രെഡിറ്റ് ലൈൻ ലഭിക്കുമെന്നത് തീരുമാനിക്കുക.

ക്രെഡിറ്റ് കാർഡ് അപ്രസക്തമാകുമോ?

യു.പി.ഐ. സംവിധാനം കടന്നുവന്നതോടെ, അക്കൗണ്ടിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾക്കു പണംനൽകുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാർഡിന്റെ പ്രസക്തി കുറഞ്ഞുവന്നു. ഇപ്പോൾ കൂടുതൽ ഇടപാടുകളും യു.പി.ഐ. വഴിയാണ് നടക്കുന്നത്. എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനുൾപ്പെടെ യു.പി.ഐ. ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ക്രെഡിറ്റ് ലൈൻ സംവിധാനം പ്രചാരത്തിലായാൽ ക്രെഡിറ്റ് കാർഡുകൾക്കും ഒരുപക്ഷേ സ്ഥാനം നഷ്ടമായേക്കാം. നിലവിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഓഫറുകളും റിവാർഡ് പോയിന്റുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മത്സരം ശക്തമായാൽ യു.പി.ഐ.യിൽ ഇത്തരം ഓഫറുകളുമായി ബാങ്കുകൾ രംഗത്തുവരാനുള്ള സാധ്യതയും ശക്തമായുണ്ട്. അങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ഇടയിലേക്കും യു.പി.ഐ. കടന്നുകയറുമെന്നാണ് വിലയിരുത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!